‘എണ്ണമറ്റ പോരാട്ടങ്ങൾ അവസാനമില്ലാത്ത പ്രതീക്ഷ, എന്റെ പാസ്‌പോർട്ട് വീണ്ടും കൈകളിൽ എത്തിയിരിക്കുന്നു’; വികാരാധീനയായി റിയ ചക്രവർത്തി

ബോളിവുഡ് നടി റിയ ചക്രവർത്തിക്ക് പാസ്‌പോർട്ട് തിരികെ ലഭിച്ചു. നടൻ സുശാന്ത് സിങ് രാജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് നൽകിക്കൊണ്ട് ബോംബെ ഹൈകോടതിയാണ് റിയക്ക് പാസ്‌പോർട്ട് കൈവശം വെക്കാൻ അനുമതി നൽകിയത്.

പാസ്‌പോർട്ട് തിരികെ ലഭിച്ച വിവരം റിയ ചക്രവർത്തി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചു.

‘കഴിഞ്ഞ അഞ്ച് വർഷമായി ക്ഷമ മാത്രമായിരുന്നു എന്റെ പാസ്‌പോർട്ട്. എണ്ണമറ്റ പോരാട്ടങ്ങൾ, അവസാനമില്ലാത്ത പ്രതീക്ഷ. ഇന്ന് എന്റെ പാസ്‌പോർട്ട് വീണ്ടും എന്റെ കൈകളിൽ എത്തിയിരിക്കുന്നു. എന്റെ രണ്ടാം അധ്യായത്തിനായി ഞാൻ തയ്യാറായിക്കഴിഞ്ഞു! സത്യമേവ ജയതേ’ എന്നായിരുന്നു റിയയുടെ വികാരഭരിതമായ ഇൻസ്റ്റാഗ്രാം പോസ്റ്റ്. പോസ്റ്റിന് പിന്നാലെ പിന്തുണയുമായി ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളും എത്തിയിരുന്നു.

ജാമ്യ വ്യവസ്ഥയുടെ ഭാഗമായി പാസ്‌പോർട്ട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ (എൻ.സി.ബി) സമർപ്പിക്കേണ്ടി വന്നത് കാരണം വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നതിന് തടസ്സം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി റിയ കോടതിയെ സമീപിച്ചിരുന്നു. ഓരോ യാത്രക്കും വിചാരണ കോടതിയുടെ പ്രത്യേക അനുമതി തേടേണ്ടിയിരുന്നത് ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് കാലതാമസം ഉണ്ടാക്കുന്നുണ്ടെന്നും റിയ കോടതിയെ അറിയിച്ചിരുന്നു. യാത്രാ നിയന്ത്രണങ്ങൾ നടിയുടെ കരിയറിനെ എങ്ങനെ ബാധിക്കുന്നു എന്ന് റിയയുടെ അഭിഭാഷകൻ അയാസ് ഖാൻ നേരത്തെ തന്നെ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം ജാമ്യ വ്യവസ്ഥകളോടും കോടതി നടപടികളോടും റിയ പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്ന് ഹൈകോടതി വിലയിരുത്തി. ഇതോടെ വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള തടസ്സങ്ങൾ നീങ്ങുകയും ഓരോ യാത്രക്കും മുന്നേ പ്രത്യേക അനുമതി എടുക്കേണ്ടതും കോടതി ഒഴിവാക്കി കൊടുത്തു. എന്നാൽ റിയക്ക് പാസ്‌പോർട്ട് തിരികെ നൽകുന്നതിനെ എൻ.സി.ബി ശക്തമായി എതിർത്തു. സെലിബ്രിറ്റി എന്ന നിലയിലുള്ള പ്രത്യേക പരിഗണന നൽകരുതെന്നും റിയ രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്നും എൻ.സി.ബിക്ക് വേണ്ടി ഹാജരായ ഹൽവാസിയ വാദിച്ചു.

എന്നാൽ റിയയുടെ മുൻകാല നടപടികൾ പരിശോധിച്ച ജസ്റ്റിസ് നീല ഗോഖലെ ഇതിനെ എതിർത്തു. മുമ്പ് വിദേശയാത്രകൾക്ക് അനുമതി നൽകിയിരുന്നപ്പോഴെല്ലാം റിയ കൃത്യമായി തിരികെയെത്തിയിട്ടുണ്ടെന്നും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. മാത്രവുമല്ല സമാന രീതിയിൽ മറ്റ് പ്രതികൾക്കും ഇളവുകൾ അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ വിചാരണയുടെ അവസാനം റിയ കോടതിയിൽ ഹാജരാകുമോ എന്ന കാര്യത്തിൽ സംശയം വേണ്ടെന്നും കോടതി വ്യക്തമാക്കി.

എന്നാൽ ഇളവുകളോടെപ്പം ചില നിബന്ധനകൾ റിയ പാലിക്കേണ്ടതുണ്ട്. കേസിന്റെ വിചാരണ ദിവസങ്ങളിൽ കോടതിയിൽ ഹാജരാകണം. യാത്രയുടെ വിശദമായ വിവരങ്ങൾ യാത്രാപരിപാടി, ഹോട്ടൽ, വിമാന ടിക്കറ്റ് വിവരങ്ങൾ എന്നിവ നാല് ദിവസം മുൻപ് ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. ഫോൺ എപ്പോഴും ഓൺ ചെയ്ത് വെക്കണം. വിദേശ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ അധികൃതരെ വിവരം അറിയിക്കണം തുടങ്ങിയവയാണ് നിബന്ധനകൾ.

സെപ്റ്റംബർ എട്ടിനാണ് നടൻ സുശാന്ത് സിങ് രാജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയെ നാർ​ക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് സംഘവുമായി ബന്ധമു​ണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ആകെ 33 പ്രതികളുള്ള കേസിൽ ഇതുവരെ ആർക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ല. കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

Tags:    
News Summary - Satyameva Jayate: Rhea Chakraborty emotional on getting passport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.