സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

മുംബൈ: സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. 65 വയസ്സായിരുന്നു. മുംബൈ കോകിലബെൻ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. യോദ്ധാ, ഗാന്ധർവം, നിർണയം തുടങ്ങി നിരവധി പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനാണ്​. ‘രോമാഞ്ചം’ ഹിന്ദി റീമേക്കായ ‘കപ്കപി’യുടെ സംവിധാനം നിർവഹിച്ച് റിലീസ് ഒരുക്കങ്ങൾക്കിടെയാണ് അപ്രതീക്ഷിത മരണം.

ബസു ബട്ടാചാര്യയുടെ രാഖ് എന്ന സിനിമയിൽ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായിട്ടായിരുന്നു രംഗപ്രവേശനം. 1990 ൽ രഘുവരൻ നായകനായ വ്യൂഹം എന്ന മലയാള ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറിയത്. ഡാഡി, ജോണി, സ്നേഹപൂർവം അന്ന തുടങ്ങിയ ഹിറ്റ്ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചു. എ.ആർ. റഹ്മാനെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത് സംഗീത് ആണ്. ‘ജോണി’ക്കു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 2012-ൽ റിലീസ് ചെയ്ത് ഇഡിയറ്റ്സ് എന്ന ചിത്രത്തിന്റെ രചനയും നിർമാണവും നിർവഹിച്ചു. 2017-ൽ ഇ എന്ന ചിത്രം നിർമിച്ചു.

എട്ടു ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തു. സണ്ണി ഡിയോൾ നായകനായ സോർ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ സംവിധാന അരങ്ങേറ്റം. 1997ൽ സണ്ണി ഡിയോൾ നായകനായ ‘സോർ’ എന്ന സിനിമയിലൂടെയാണ് ബോളിവുഡിലേക്കുള്ള കാൽവെപ്പ്. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂൾ ഹേ തും, അപ്ന സപ്ന മണി മണി, ഏക്-ദ് പവർ ഓഫ് വൺ, ക്ലിക്ക്, യാംല പഗ്‌ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്തു.

പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ-ചന്ദ്രമണി ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തയാളാണ് സംഗീത് ശിവൻ. പ്രശസ്ത ഛായാഗ്രഹകൻ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങൾ. ഭാര്യ: ജയശ്രീ. മക്കൾ: സജന (സ്‌റ്റിൽ ഫോട്ടോഗ്രാഫർ), ശന്തനു (ച​ലച്ചിത്ര പ്രവർത്തകൻ). സംസ്‌കാരം വ്യാഴാഴ്‌ച വൈകീട്ട്‌ നാലിന്‌ മുംബൈയിൽ.

Tags:    
News Summary - Sangeeth Sivan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.