'എല്ലാവർക്കും ആസ്വദിക്കാവുന്നതും എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം നൽകുന്നതുമായ ഒരു ചിത്രമാണിത്'; ടോക്സിക്കിനെക്കുറിച്ച് യാഷ്

ലാസ് വെഗാസിൽ നടന്ന സിനിമാകോൺ 2026-ൽ ഇന്ത്യൻ സിനിമ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയപ്പോൾ, തന്റെ പുതിയ ചിത്രമായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺഅപ്‌സി'നെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ച് റോക്കിങ് സ്റ്റാർ യാഷ്. 'രാമായണ'യുടെ സഹനിർമാതാവ് നമിത് മൽഹോത്രക്കൊപ്പം പരിപാടിയിൽ പങ്കെടുത്ത യാഷ്, ഗ്യാങ്സ്റ്റർ സിനിമകളുടെ പതിവ് രീതികളെ പൊളിച്ചെഴുതുന്ന തന്റെ പുതിയ പ്രോജക്റ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി.

'വളരെ വലിയൊരു ലക്ഷ്യത്തോടു കൂടിയുള്ള പ്രൊജക്റ്റാണ് ടോക്സിക്. പ്രേക്ഷകർ എനിക്ക് നൽകുന്ന വിജയം വെറുമൊരു ആഘോഷമായി മാത്രമല്ല ഞാൻ കാണുന്നത്. ഓരോ തവണയും എന്നെത്തന്നെ കൂടുതൽ മെച്ചപ്പെടുത്താനും അതിലും മികച്ചത് എന്തെങ്കിലും ചെയ്യാനുമുള്ള ഉത്തരവാദിത്തമായിട്ടാണ് ഞാൻ അതിനെ കരുതുന്നത്. ഇന്ത്യയിൽ എനിക്ക് ലഭിക്കുന്ന സ്നേഹവും പിന്തുണയും പറഞ്ഞറിയിക്കാനാവാത്തതാണ്. അതുകൊണ്ട് തന്നെ, നമ്മുടെ കഥകളെയും ഇന്ത്യൻ സിനിമാ വ്യവസായത്തെയും ആഗോള തലത്തിലേക്ക് എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം' യാഷ് പറഞ്ഞു.

'നമ്മുടെ ഇൻഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളും ഇന്ത്യൻ സിനിമയുടെ ആ പ്രാതിനിധ്യത്തിന് വേണ്ടിയാണ് പരിശ്രമിക്കുന്നത്. അത്തരമൊരു ശ്രമമാണ് ടോക്സിക്കും നടത്തുന്നത്. കൂടുതൽ ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാനും നമ്മുടെ കഥകൾ ആഗോളതലത്തിൽ നേരിട്ട് എത്തിക്കാനുമായി ഞങ്ങൾ ടോക്‌സിക് ഇംഗ്ലീഷിലും ചിത്രീകരിച്ചിട്ടുണ്ട്. വലിയ കാൻവാസിലുള്ള ഒരു ആക്ഷൻ സിനിമയാണ് ടോക്സിക് എങ്കിലും അതിൽ ഒരുപാട് ആഴത്തിലുള്ള കാര്യങ്ങളുണ്ട്. ഒരു സാധാരണ ഗ്യാങ്‌സ്റ്റർ സിനിമ മാത്രമല്ല. ഒരു മെറ്റഫോറിക്കൽ അഥവാ രൂപകാത്മകമായ ഒരു സ്വഭാവം ടോക്സിക്കിനുണ്ട്. നിങ്ങൾ ഈ സിനിമ കാണുമ്പോൾ, പുറം കാഴ്ചയിൽ മാത്രം ശ്രദ്ധിക്കുന്ന കാര്യങ്ങൾക്കും അപ്പുറം ഇതിൽ ഒരുപാട് അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാകും' നടൻ കൂട്ടിച്ചേർത്തു.

'ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകർക്കൊപ്പം പ്രവർത്തിക്കുന്നത് വലിയ ആവേശമാണ്. സംവിധായിക ഗീതു മോഹൻദാസ് ഒരു ഗ്യാങ്സ്റ്റർ സിനിമക്ക് തികച്ചും പുതിയൊരു കാഴ്ചപ്പാടാണ് നൽകിയിരിക്കുന്നത്. ആ പ്രോസസ് ഞാൻ ശരിക്കും ആസ്വദിച്ചു. പ്രേക്ഷകർക്കും ആരാധകർക്കും ഇതൊരു മികച്ച ദൃശ്യവിരുന്ന് എന്നതിലുപരി കാണുന്നവരുടെ മനസ്സിനെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഒരു ചിത്രം കൂടി ആയിരിക്കും' എന്ന് ഗീതു മോഹൻദാസിനെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചും യാഷ് പറഞ്ഞു.

ഇന്ത്യൻ സിനിമയുടെ വളർച്ചയെക്കുറിച്ച് സംസാരിക്കവെ, ഇന്ത്യ ഒരു ലോകം തന്നെയാണെന്നും ഓരോ നൂറു കിലോമീറ്റർ കൂടുമ്പോഴും പുതിയ ഭാഷയും സംസ്കാരവുമാണെന്നും യാഷ് അഭിപ്രായപ്പെട്ടു. ഡബ്ബിങിലൂടെയും പാൻ-ഇന്ത്യൻ സിനിമാ നിർമാണത്തിലൂടെയും വിവിധ മേഖലകളിലുള്ള പ്രേക്ഷകരിലേക്ക് സിനിമ എത്തുന്നു. യാഷിനെ സംബന്ധിച്ചിടത്തോളം, 'ടോക്സിക്' മാറ്റത്തിന്റെ പ്രതീകമാണ്. ഇന്ത്യൻ തനിമയിൽ വേരൂന്നിയതും എന്നാൽ ആഗോള പ്രേക്ഷകർക്കായി രൂപകൽപ്പന ചെയ്തതുമായ ഒന്ന്. 'എല്ലാവർക്കും ആസ്വദിക്കാവുന്നതും എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം നൽകുന്നതുമായ ഒരു ചിത്രമാണിത്,' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്. യാഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 2026 ജൂൺ 4ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

Tags:    
News Summary - Rocking Star Yash Envisions ‘Toxic’ to place Indian Cinema in Global Arena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.