കഴിഞ്ഞ എട്ട് വർഷത്തിനിടെ തനിക്ക് അവസരങ്ങൾ കുറഞ്ഞു എന്ന സംഗീതസംവിധായകൻ എ.ആർ. റഹ്മാന്‍റെ അവകാശവാദം വിവാദമായിരുന്നു. ഹിന്ദി സിനിമ മേഖലയിൽ വളർന്നു വരുന്ന വർഗീയതയാവാം ഇതിന് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പരാമർശങ്ങൾ രാജ്യവ്യാപകമായി ചർച്ചക്ക് തുടക്കമിട്ടു. പലരും എ.ആർ. റഹ്മാനെ എതിർത്ത് രംഗത്തുവന്നു. റഹ്മാനോടൊപ്പം പ്രവർത്തിച്ചിട്ടുള്ള സംവിധായകൻ രാം ഗോപാൽ വർമ ഈ വിഷയത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ചിരിക്കുകയാണ്.
ഫരീദൂൺ ഷഹ്രിയാറിന്റെ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഹ്മാന്റെ അഭിപ്രായങ്ങളെക്കുറിച്ചും മുഴുവൻ ചർച്ചയെക്കുറിച്ചും എന്താണ് ചിന്തിക്കുന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറയുകയായിരുന്നു. 'സാമുദായിക വശത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതിൽ അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ഞാൻ അത് വിശ്വസിക്കുന്നില്ല. സിനിമ വ്യവസായം പണം സമ്പാദിക്കാൻ മാത്രമുള്ളതാണെന്ന് എനിക്ക് തോന്നുന്നു. പണം സമ്പാദിക്കുന്നവർ അതിന്റെ പിന്നാലെ പോകും. നിങ്ങളുടെ ജാതി, മതം അല്ലെങ്കിൽ നിങ്ങൾ എവിടെ നിന്നാണ് വരുന്നതെന്ന് അവർക്ക് പ്രശ്നമല്ല. ദക്ഷിണേന്ത്യൻ സിനിമ സംവിധായകർ ബ്ലോക്ക്ബസ്റ്ററുകളാകുന്ന സിനിമകൾ നിർമിക്കുകയാണെങ്കിൽ, അവർ അവരുടെ അടുത്തേക്ക് പോകും' - രാം ഗോപാൽ വർമ പറഞ്ഞു.
എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഉദാഹരണവും ഹിന്ദി സിനിമയിൽ അദ്ദേഹം പാടിയ ഗാനങ്ങളും രാം ഗോപാൽ വർമ ഉദ്ധരിച്ചു. സൂരജ് ബർജാത്യയുടെ മേനെ പ്യാർ കിയ, ഹം ആപ്കെ ഹേ കോൻ എന്നീ ചിത്രങ്ങൾക്ക് വേണ്ടി എസ്.പി. ബാലസുബ്രഹ്മണ്യത്തെ തെരഞഞ്ഞെടുത്തപ്പോൾ ആ ഗാനങ്ങൾ വലിയ ഹിറ്റായി എന്ന് അദ്ദേഹം പറഞ്ഞു.
റഹ്മാന് വ്യക്തിപരമായ ഒരു അനുഭവം ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നും അത് വ്യവസായത്തിന്റെ പൊതുവായ അവസ്ഥയുമായി പൊരുത്തപ്പെടുന്നില്ലെന്നും പറഞ്ഞു. 'എനിക്ക് റഹ്മാനുവേണ്ടി സംസാരിക്കാൻ കഴിയില്ല, കാരണം അദ്ദേഹത്തിന് ഉണ്ടായ അനുഭവങ്ങൾ എനിക്കറിയില്ല. നമ്മിൽ ആർക്കും പൊതുവായി സംസാരിക്കാൻ കഴിയും, പക്ഷേ ഒരാൾ എന്തെങ്കിലും പ്രത്യേക അവസ്ഥയിലൂടെ കടന്നുപോകാൻ സാധ്യതയുണ്ട്, അതാണ് അവരെ അങ്ങനെ സംസാരിക്കാൻ പ്രേരിപ്പിക്കുന്നത്. ഇത് പൊതുവായ കാര്യമാണോ, അതോ അദ്ദേഹത്തിന് സംഭവിച്ച എന്തെങ്കിലും ആയിരുന്നോ? ഈ കാര്യങ്ങൾ അറിയാത്തതിനാൽ എനിക്ക് അതിനെക്കുറിച്ച് ഒരു അഭിപ്രായം പറയാൻ കഴിയില്ല' -രാം ഗോപാൽ വർമ കൂട്ടിച്ചേർത്തു.
എന്നാൽ തന്റെ വാക്കുകൾ ഒരിക്കലും ആരെയും വേദനിപ്പിക്കാനോ വികാരങ്ങളെ വ്രണപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതല്ലെന്ന് എ.ആർ. റഹ്മാൻ വ്യക്തമാക്കി. 'പ്രിയ സുഹൃത്തുക്കളെ, സംഗീതം എപ്പോഴും സംസ്കാരത്തെ ബന്ധിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള എന്റെ മാർഗമാണ്. ഇന്ത്യ എന്റെ പ്രചോദനമാണ്, എന്റെ ഗുരുവും വീടുമാണ്. ഉദ്ദേശ്യങ്ങൾ ചിലപ്പോൾ തെറ്റിദ്ധരിക്കപ്പെടാമെന്ന് ഞാൻ മനസ്സിലാക്കുന്നു. ആർക്കും വേദനയുണ്ടാക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. എന്റെ ആത്മാർഥത മനസിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' -എ.ആർ. റഹ്മാൻ പറഞ്ഞു.
ബി.ബി.സി ഏഷ്യൻ നെറ്റ്‌വർക്കുമായുള്ള സംവാദത്തിനിടെ റഹ്മാൻ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് കാരണമായത്. വിക്കി കൗശൽ നായകനായ ഛാവ എന്ന സിനിമയിൽ സംഗീതസംവിധായകൻ എന്ന നിലയിൽ പ്രവർത്തിച്ചിരുന്നെങ്കിലും, അത് ഒരു ഭിന്നിപ്പിക്കുന്ന സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകർക്ക് സത്യവും സിനിമാറ്റിക് കൃത്രിമത്വവും തമ്മിൽ വേർതിരിച്ചറിയാൻ കഴിയുമെന്ന് റഹ്മാൻ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.