400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വർഷം സൗജന്യമായി പലചരക്ക് സാധനങ്ങൾ നൽകും
പ്രൊജക്ട് അന്നപൂർണ എന്ന പേരിൽ 400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദാന. ഒരു വർഷത്തേക്ക് ഈ കുടുംബങ്ങൾക്ക് സൗജന്യമായി പലചരക്ക് സാധനങ്ങൾ നൽകും. മൂന്ന് മാസം വീതമുള്ള ഘട്ടങ്ങളായാണ് സാധനങ്ങൾ എത്തിക്കുക. രശ്മിക തന്നെയാണ് അന്നപൂർണ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങളും വിഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മുമ്പ് ഇത്തരം സഹായങ്ങൾ ചെയ്യുമ്പോൾ സ്വകാര്യമായി സൂക്ഷിക്കാറായിരുന്നു പതിവെന്നും എന്നാൽ ഇത് ആർക്കെങ്കിലും പ്രജോതനമാകുമെന്ന് കരുതിയാണ് പരസ്യമാക്കാൻ തീരുമാനിച്ചതെന്നും താരം പറഞ്ഞു.
ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ എന്നെയും സ്വാധീനിക്കാറുണ്ട്. ജയമ്മയും ഞാനും തമ്മിൽ എന്തെങ്കിലും സമാനതകളുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. ഉണ്ടെന്നാണ് എന്റെ ഉത്തരം. എനിക്ക് കിട്ടുന്ന സ്നേഹത്തിന് തിരികെ എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിക്കാറുണ്ട്. ഇതുവരെ ഇതൊക്കെ രഹസ്യമായിട്ടാണ് ചെയ്തിരുന്നത്. എന്നാൽ ഇത് മറ്റുള്ളവർക്കും ഒരു പ്രചോദനമാകട്ടെ എന്ന് കരുതിയാണ് ഇപ്പോൾ തുറന്നുപറയുന്നത്. ഇന്ന് ഞാൻ 400 കുടുംബങ്ങളെ ദത്തെടുത്തിരിക്കുന്നു. ഒരേസമയം 400 കുടുംബങ്ങൾക്ക് 3 മാസത്തേക്ക് സഹായം എത്തിക്കുകയും അടുത്ത ഒരു വർഷത്തേക്ക് ഇത് തുടരുകയും ചെയ്യാനാണ് എന്റെ തീരുമാനം. പലവ്യഞ്ജനങ്ങൾക്കുള്ള പണം ലാഭിച്ച് ഭാവി സുരക്ഷിതമാക്കാൻ ഇത് അവരെ സഹായിക്കുമെന്ന് ഞാൻ കരുതുന്നു. ചെറിയൊരു കാരുണ്യം പോലും ഒരാളുടെ ജീവിതത്തെ മാറ്റിമറിക്കും എന്ന് രശ്മിക കുറിച്ചു.
ചരിത്രപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് വിജയ്യും രശ്മികയും ഒന്നിക്കുന്ന രണബാലി. ബ്രിട്ടീഷ് ഭരണകാലത്തെ വൻ ദുരന്തങ്ങളിലൊന്നായ 1876-78 ലെ മഹാക്ഷാമത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തെക്കേ ഇന്ത്യയിലെയും പടിഞ്ഞാറൻ ഇന്ത്യയിലെയും വലിയ പ്രദേശങ്ങളിൽ ആവർത്തിച്ചുള്ള വരൾച്ച ജനജീവിതം ദുസ്സഹമാക്കിയ കാലഘട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം. രണാബാലിയുടെ ഭാര്യയും പോരാട്ടത്തിലെ പങ്കാളിയുമായ ജയമ്മ എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒക്ടോബർ 16-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.