ഭഗത് സിങ്ങിനും നേതാജിക്കും പ്രചോദനമായത് സവർക്കറെന്ന് രൺദീപ് ഹൂഡ; പരിഹാസവുമായി സമൂഹ മാധ്യമങ്ങൾ

സ്വാതന്ത്ര്യ സമരത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികൾക്ക് പ്രചോദനമായത് സവർക്കറാണെന്ന നടൻ രൺദീപ് ഹൂഡയുടെ കുറിപ്പിനെതിരെ സമൂഹ മാധ്യമങ്ങളിൽ പരിഹാസം. സവർക്കറുടെ ജന്മദിനത്തിൽ, ഹൂഡ നായകനായെത്തുന്ന ‘സ്വതന്ത്ര്യ വീർ സവർകർ’ എന്ന ചിത്രത്തിന്റെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചതിനൊപ്പമാണ് നടന്റെ കുറിപ്പ്. ഇതിന്റെ കമന്റ് ബോക്സിൽ തന്നെ പരിഹാസവുമായി നിരവധി പേർ രംഗത്തെത്തി. ഹൂഡയുടെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചും സമൂഹ മാധ്യമങ്ങളിൽ ഇതിനെതിരെ പ്രതികരണങ്ങളുണ്ട്. ചിത്രത്തിന്റെ ടീസർ ഇന്നലെ പുറത്തുവിട്ടിരുന്നു.

‘ബ്രിട്ടീഷുകാർ തേടിനടന്ന ഇന്ത്യക്കാരൻ. നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികളുടെ പ്രചോദനം. ആരായിരുന്നു സവർക്കർ? ചുരുളഴിയുന്ന അദ്ദേഹത്തിന്റെ യഥാർഥ കഥ കാണുക’, എന്നായിരുന്നു ഹൂഡയുടെ കുറിപ്പ്.

ബ്രീട്ടീഷുകാരുടെ ഷൂ നക്കിയയാളെയാണോ ‘വീർ’ എന്ന് വിശേഷിപ്പിക്കുന്നതെന്നും ഭഗത് സിങ്ങും നേതാജിയും ഖുദിരാം ബോസും മാപ്പെഴുതി കൊടുത്തിട്ടുണ്ടോയെന്നും നിങ്ങൾക്ക് സ്ഥിരബുദ്ധി നഷ്ടപ്പെട്ടോ എന്നും ഒരാൾ ചോദിച്ചു. നിങ്ങൾ ഇതുവരെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം വായിച്ചിട്ടില്ലേയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. സവർക്കർ ബ്രിട്ടീഷുകാർക്ക് നൽകിയ മാപ്പപേക്ഷ പങ്കുവെച്ചവരുമുണ്ട്. സ്വാതന്ത്ര്യ സമരത്തെ പരിഹസിക്കരുതെന്ന ഉപദേശവും ചിലർ നൽകുന്നു. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രസംഗത്തിൽ സിനിമയെ പ്രമോട്ട് ചെയ്യുമെന്ന് എനിക്ക് ഉറപ്പാണെന്നും പ്രാപഗൻഡ സീരീസിലെ മൂന്നാമത്തെ സിനിമയാണിതെന്നും നിങ്ങളെ ദേശീയ അവാർഡ് കാത്തിരിക്കുന്നുണ്ടെന്നും മറ്റൊരാൾ കുറിച്ചു.

‘ഭഗത് സിങ്ങിന് പ്രചോദനമായത് സവർക്കറാണത്രേ!. അങ്ങനെങ്ങാനും ആയിരുന്നെങ്കിൽ ഭഗത് സിങ് 23ാം വയസ്സിൽ 'ശഹീദ്' ഭഗത് സിങ് ആവുമായിരുന്നില്ല. പണ്ടേ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് വല്ല 'ധീർ' എന്നോ മറ്റോ സ്വന്തം നെയിം ബോർഡിൽ എഴുതിപ്പിടിപ്പിച്ച് വീട്ടിൽ കിടന്ന് ഉറങ്ങിയേനേ’ എന്നാണ് മാധ്യമപ്രവർത്തകൻ ഹർഷന്റെ കുറിപ്പ്. 

Tags:    
News Summary - Randeep Hooda says Savarkar inspired Bhagat Singh and Netaji; Social media with mockery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.