എഫ്. ഡബ്ല്യൂ. ഐ. സി. ഇയുടേത് കാലഹരണപ്പെട്ട സിസ്റ്റം; ഡോൺ 3 വിവാദത്തിൽ രൺവീർ സിങിന് പിന്തുണയുമായി രാം ഗോപാൽ വർമ്മ

രൺവീർ സിങിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചും ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസിനെ വിമർശിച്ചും രംഗത്തെത്തിയിരിക്കുകയാണ് സിനിമാ നിർമ്മാതാവും തിരക്കഥാ രചയ്താവുമായ രാം ഗോപാൽ വർമ്മ. സിനിമാ മേഖലയിലെ തർക്കങ്ങൾ പരിഹരിക്കാൻ ഫെഡറേഷൻ ഉപയോഗിക്കുന്ന രീതികൾ തികച്ചും കാലഹരണപ്പെട്ടതാണെന്ന് രാം ഗോപാൽ വർമ്മ കുറ്റപ്പെടുത്തി. രൺവീർ സിങും ഫർഹാൻ അക്തറും തമ്മിലുള്ള തർക്കം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംവിധായകന്റെ ഈ പ്രതികരണം.

സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ഫെഡറേഷന്റെ പ്രസക്തിയെ ചോദ്യം ചെയ്തുകൊണ്ട് രാം ഗോപാൽ വർമ്മ മുന്നോട്ടു വന്നത്. മാറിയ സിനിമാ വ്യവസായത്തിൽ ഇപ്പോഴും അധികാരം നിലനിർത്താൻ ശ്രമിക്കുന്ന തികച്ചും കാലഹരണപ്പെട്ട യൂണിയൻ സംവിധാനമാണ് ഫെഡറേഷൻ എന്ന് അദ്ദേഹം വിമർശിച്ചു. ഇത്തരം ഇടപെടലുകൾ നീതിക്ക് വേണ്ടിയുള്ളതല്ലെന്നും, മറിച്ച് തങ്ങളുടെ അധികാരം കാണിച്ച് ആളാകാനുള്ള ശ്രമം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രൺവീർ സിങിന് മേൽ ഏർപ്പെടുത്തിയ വിലക്ക് ഒടുവിൽ ഫെഡറേഷന് തന്നെ പൊതു വേദിയിൽ നാണക്കേടായി മാറുമെന്നും ഈ നീക്കം അവർക്ക് തന്നെ തിരിച്ചടിയാകുമെന്നും വർമ്മ മുന്നറിയിപ്പ് നൽകി.

'ഡോൺ 3' യുമായി ബന്ധപ്പെട്ടുണ്ടായത് നിർമ്മാതാവും നടനും തമ്മിലുള്ള തികച്ചും വ്യക്തിപരമായ ബിസിനസ്സ് കാര്യമാണെന്ന് വർമ്മ ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങളെ സിനിമ മേഖലയ്ക്ക് ആകെ ബാധിക്കുന്ന വിലക്കുകളായോ കൂട്ടായ ശിക്ഷാ നടപടികളായോ മാറ്റരുതായിരുന്നു. സിനിമയുടെ അണിയറയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അതിൽ ഉൾപ്പെട്ട കക്ഷികൾക്ക് മാത്രമേ കൃത്യമായി അറിയാൻ സാധിക്കൂ. പുറത്തുനിന്നുള്ള സംഘടനകൾ ഇതിൽ ഇടപെടുന്നത് പ്രശ്നം പരിഹരിക്കുന്നതിന് പകരം കൂടുതൽ സങ്കീർണ്ണമാക്കുകകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷക്കണക്കിന് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന വലിയ യൂണിയനുകൾ, ഭൂരിഭാഗം തൊഴിലാളികൾക്കും നേരിട്ട് പങ്കില്ലാത്ത ഇത്തരം തർക്കങ്ങളിൽ ഇടപെടുന്നതിനെ സംവിധായകൻ ചോദ്യം ചെയ്തു. പൂർണ്ണമായ വസ്തുതകൾ മനസ്സിലാക്കാതെ കേട്ടുകേൾവികളുടെ അടിസ്ഥാനത്തിലാണ് പല നടപടികളും ഉണ്ടാകുന്നത്. നിർമ്മാണ കമ്പനികളും കലാകാരന്മാരും തമ്മിലുള്ള സിവിൽ തർക്കങ്ങൾ സിനിമാ മേഖലയിലെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങാതെ നിയമപരമായി തന്നെയാണ് പരിഹരിക്കേണ്ടതെന്നും രാം ഗോപാൽ വർമ്മ വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിൽ 11നാണ് ചിത്രത്തിന്റെ സംവിധായകൻ ഫർഹാൻ അക്തർ രൺവീർ സിങ്ങിനെതിരെ ഫെഡറേഷനിൽ പരാതി നൽകിയത്. ചിത്രീകരണം തുടങ്ങുന്നതിന് മൂന്നാഴ്ച മുമ്പ് താരം പദ്ധതിയിൽ നിന്നും പിന്മാറിയത് വലിയ സാമ്പത്തിക പ്രതിസന്ധിയും പ്രൊജക്റ്റിന്റെ പ്രവർത്തനങ്ങളിൽ തടസ്സവും ഉണ്ടാക്കിയെന്ന് ഫർഹാൻ അക്തറും നിർമാതാവ് റിതേഷ് സിധ്വാനിയും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Ram Gopal Varma supports Ranveer Singh in Don 3 controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.