'പ്രണയ ചിത്രങ്ങൾ എന്‍റെ ടൈപ്പല്ല'; ഷാരൂഖിനൊപ്പം സിനിമ ചെയ്യാൻ യോഗ്യനല്ലെന്ന് രാം ഗോപാൽ വർമ

താരമൂല്യത്തെക്കാൾ, കഥയുടെയും കഥാപാത്രങ്ങളുടെയും ആവശ്യകതയെ അടിസ്ഥാനമാക്കിയാണ് താൻ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതെന്ന് സംവിധായകൻ രാം ഗോപാൽ വർമ. തന്റെ എല്ലാ സിനിമകളെയും നയിച്ചത് ഇതേ സമീപനമാണെന്ന് അദ്ദേഹം പറയുന്നു. നാഗാർജുന, മനോജ് ബാജ്‌പേയി, അമിതാഭ് ബച്ചൻ തുടങ്ങി നിരവധി നടന്മാരുമായി രാം ഗോപാൽ വർമ ആവർത്തിച്ച് സഹകരിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം ഷാരൂഖിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഷാരൂഖ് ഖാന്റെ പ്രണയ സിനിമകൾ തന്റെ തരത്തിലുള്ള സിനിമകളല്ലെന്നും അതിനാൽ, ഷാരൂഖ് ഖാനെ കുറിച്ച് അഭിപ്രായം പറയാൻ കഴിയുന്ന വ്യക്തിയല്ല താനെന്നും അദ്ദേഹം പറയുന്നു. സിദ്ധാർഥ് ആനന്ദിന്റെ സ്പൈ ത്രില്ലർ ചിത്രമായ പത്താൻ, ആറ്റ്‌ലിയുടെ ക്രൈം ത്രില്ലർ ചിത്രമായ ജവാൻ എന്നിവയുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷവും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന് രാം ഗോപാൽ വർമ വിശ്വസിക്കുന്നില്ല. 'ഷാരൂഖിന്റെ ആരാധകർ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതുപോലെയുള്ള ഒരു സിനിമയിൽ എനിക്ക് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിയില്ല. എനിക്ക് ചെയ്യാൻ യോഗ്യതയുള്ള തരത്തിലുള്ള സിനിമയല്ല അത്' -സംവിധായകൻ പറഞ്ഞു.

2002ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ കമ്പനി എന്ന ചിത്രത്തിൽ ഷാരൂഖിനൊപ്പം പ്രവർത്തിക്കാൻ രാം ഗോപാൽ വർമ ആലോചിച്ചിരുന്നു, പക്ഷേ പിന്നീട് തീരുമാനം മാറ്റി. 'എന്റെ ആദ്യ ആഗ്രഹം ഷാരൂഖിനെ അഭിനയിപ്പിക്കാനായിരുന്നു. ഞാൻ പോയി കഥ പറഞ്ഞു. ഷാരൂഖിനും താൽപ്പര്യമുണ്ടായിരുന്നു. പക്ഷേ, ഷാരൂഖിന് സ്വാഭാവികമായ ഒരു ശരീരഭാഷയുണ്ടെന്നും വളരെ ഊർജ്ജസ്വലതയുണ്ടെന്നും എനിക്ക് തോന്നി.  മാലിക് എന്ന കഥാപാത്രം വളരെ സൂക്ഷ്മതയുള്ളതാണ്. ഷാരൂഖിന്റെ സ്വാഭാവിക ഊർജ്ജം അതിന് എതിരായിരിക്കുമെന്ന് ഞാൻ കരുതി. അദ്ദേഹത്തെ നിശ്ചലനാക്കുന്നത് അദ്ദേഹത്തോടും സിനിമയോടും കാണിക്കുന്ന അനീതിയാണെന്ന് എനിക്ക് തോന്നി' -രാം ഗോപാൽ വർമ പറഞ്ഞു. 

Tags:    
News Summary - Ram Gopal Varma about Shah Rukh Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.