'പഹൽഗാം' പരാമർശം; എഫ്‌.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോനു നിഗം ​​കർണാടക ഹൈകോടതിയിൽ

ബംഗളൂരു: സംഗീത പരിപാടിക്കിടെ നടത്തിയ 'പഹൽഗാം' പരാമർശത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിന്നണി ഗായകൻ സോനു നിഗം ​​കർണാടക ഹൈകോടതിയെ സമീപിച്ചു. അടുത്തിടെ നടന്ന ഒരു സംഗീത പരിപാടിക്കിടെ കന്നഡക്കാരുടെ വികാരം വ്രണപ്പെടുത്തുന്ന ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് ഗായകനെതിരെ എഫ്‌.ഐ.ആർ ഫയൽ ചെയ്തത്. ജസ്റ്റിസ് ശിവശങ്കർ അമരണ്ണവർ അധ്യക്ഷനായ അവധിക്കാല ബെഞ്ച് കേസ് പരിഗണിച്ചു. വാദം കേൾക്കൽ മേയ് 15 ലേക്ക് മാറ്റി.

കേസ് അന്വേഷിക്കുന്ന ആവലഹള്ളി പൊലീസ് നിഗമിന് നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 352 (സമാധാന ലംഘനം നടത്താൻ ഉദ്ദേശിച്ചുള്ള മനഃപൂർവമായ അധിക്ഷേപം) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കർണാടക രക്ഷണ വേദികെ (കെ.ആർ.വി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം, സോനു നിഗമുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതായും ഭാവിയിൽ അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നും കർണാടക ഫിലിം ചേംബർ ഓർ കോമേഴ്‌സ് (കെ.എഫ്.സി.സി) അറിയിച്ചിട്ടുണ്ട്. വിവാദ പരാമർശത്തിന്റെ പേരിൽ കന്നഡ ചലച്ചിത്ര മേഖലയിൽ നിന്ന് വിലക്ക് നേരിട്ടതിനെ തുടർന്ന് സോമു നിഗം ക്ഷമാപണം നടത്തി. 'ക്ഷമിക്കണം കർണാടക. നിങ്ങളോടുള്ള സ്നേഹം എന്റെ ഈഗോയേക്കാൾ വലുതാണ്. എപ്പോഴും സ്നേഹിക്കുന്നു' എന്ന് ഗായകൻ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എഴുതി.

സംഗീത പരിപാടിക്കിടെ കന്നഡ ഗാനം പാടാൻ നിരന്തരം ആവിശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു സോനു നിഗമിൽ നിന്നും വിവാദപരാമർശമുണ്ടായത്. പരിപാടിക്കിടെ കന്നടയിൽ പാടണമെന്ന് സദസ്സിൽ നിന്ന് ഒരാൾ ഉറക്കെ ആവിശ്യപ്പെട്ടപ്പോൾ ഇങ്ങനെയുള്ള പെരുമാറ്റം കൊണ്ടാണ് പഹൽഗാം ഭീകരാക്രമണം ഉണ്ടായതെന്ന് സോനു നിഗം മറുപടി നൽകിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ മറ്റൊരു വിഡിയോയിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ചിലത് കന്നഡയിലാണെന്നും കർണാടക എപ്പോഴും തന്റെ കുടുംബാംഗത്തെപ്പോലെയാണ് പരിഗണിച്ചിട്ടുള്ളതെന്നും നിഗം പറയുന്നുണ്ട്.

Tags:    
News Summary - Pahalgam reference Sonu Nigam moves Karnataka High Court seeking quashing of FIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.