നിവിൻ പോളിയും മമിതയും

എല്ലാം 100 കോടിക്ക് മുകളിലുള്ള പടങ്ങളാണെങ്കിലും മമിത മെയിന്റെയ്ൻ ചെയ്യുന്ന ലാളിത്യമാണ് അവരു​ടെ വിജയമെന്ന് നിവിൻ പോളി

ഓണം റിലീസായി തിയറ്ററുകളിലെത്തി പ്രേക്ഷകപ്രശംസ നേടി വിജയക്കുതിപ്പ് തുടരുകയാണ് നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. ചിത്രത്തിന്റെ വിശേഷങ്ങളും തിയറ്ററുകളിലെ പ്രതികരണങ്ങളും ചർച്ചയാകുന്നതിനിടയിൽ, നായികയായ മമിത ബൈജുവിനെക്കുറിച്ച് നിവിൻ പോളി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

മമിതയുമായി തനിക്ക് മുൻപേ തന്നെ നല്ല സൗഹൃദമുണ്ടെന്ന് നിവിൻ ഓർത്തെടുത്തു. 'ബോസ് ആൻഡ് കോ' എന്ന ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിച്ചതുമുതലാണ് ഞങ്ങൾ തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. ആ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് ഇങ്ങനെയൊരു പുതിയ ചിത്രത്തിന്റെ ആശയം മമിത ആദ്യമായി എന്നോട് പങ്കുവെക്കുന്നത്. സംവിധായകൻ ഗിരീഷിന്റെ കയ്യിൽ മനോഹരമായൊരു കഥയുണ്ടെന്നും അതിൽ തങ്ങൾക്കൊന്നിച്ച് പ്രവർത്തിക്കാമെന്നുമുള്ള ഐഡിയ ആദ്യമായി സംസാരിച്ചത് അപ്പോഴാണെന്ന് നിവിൻ പറയുന്നു. തിയറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച 'സൂപ്പർ ശരണ്യ'യിലെ മമിതയുടെ പ്രകടനം കണ്ടിറങ്ങിയപ്പോഴുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ സിനിമയിലേക്ക് മമിതയെ വിളിച്ചതെന്നും നിവിൻ വ്യക്തമാക്കി.

മമിതയുടെ കരിയറിലെ അമ്പരപ്പിക്കുന്ന വളർച്ചയെയും ബോക്സോഫീസ് വിജയങ്ങളെയും നിവിൻ വലിയ രീതിയിൽ പ്രശംസിച്ചു. 'പ്രേമലു'വിലൂടെയും മറ്റ് മുൻനിര ഭാഷകളിലെ പ്രൊജക്റ്റുകളിലൂടെയും മമിതയുടെ സിനിമകൾ ബോക്സോഫീസിൽ വലിയ ചരിത്രമാണ് കുറിച്ചത്.‘എല്ലാ സിനിമകളും മാസീവ് ഹിറ്റാവുക, എല്ലാം 100 കോടിക്ക് മുകളിലുള്ള പടങ്ങളാവുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന, കൊതിക്കുന്ന കാര്യമാണല്ലോ. എന്നിട്ടും കഥാപാത്രത്തിലോ പെരുമാറ്റത്തിലോ ഒട്ടും മാറ്റമില്ലാതെ, വളരെ വിനയത്തോടെ എല്ലാവരോടും സൗഹൃദപരമായി നിൽക്കാൻ പറ്റുക എന്ന് പറയുന്നതും ഭയങ്കര പാടാണ്. മമിത മെയിന്റെയ്ൻ ചെയ്യുന്ന ഒരു ലാളിത്യമുണ്ട്. അത് തന്നെയാണ് മമിതയുടെ വലിയ വിജയമെന്ന് ഞാൻ വിശ്വസിക്കുന്നു’ നിവിൻ പോളി പറഞ്ഞു.

ആദ്യകാലത്ത് എങ്ങനെയായിരുന്നോ, സംവിധായകൻ ഗിരീഷിനെ കാണുമ്പോഴായാലും മറ്റ് അണിയറപ്രവർത്തകരോടായാലും ഇപ്പഴും അതേ വിനയവും സൗഹൃദവും നിലനിർത്താൻ മമിതക്ക് കഴിയുന്നുണ്ടെന്നും, ഈ നല്ല സ്വഭാവം ഇനിയും മുന്നോട്ടുള്ള യാത്രയിൽ കൈവിട്ടുപോകരുതേ എന്നാണ് തന്റെ ആഗ്രഹമെന്നും നിവിൻ  കൂട്ടിച്ചേർത്തു.

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമയുടെ ഷൂട്ടിങ് സമയത്ത് മമിതക്ക് ഒരേസമയം തമിഴ്, തെലുങ്ക് ഭാഷകളിൽ നിന്നുള്ള മറ്റ് വലിയ പ്രൊജക്റ്റുകളുടെ തിരക്കുകളും ഡേറ്റ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ തനിക്ക് വലിയ തിരക്കുകളോ മാനസിക സമ്മർദങ്ങളോ ഉണ്ടെന്ന് ലൊക്കേഷനിൽ ആരും അറിയാൻ അനുവദിക്കാതെയാണ് മമിത ആ പ്രതിസന്ധികളെ നേരിട്ടത്. വളരെ സൈലന്റായി വന്ന്, തനിക്ക് കിട്ടിയ ഡേറ്റുകൾ കൃത്യമായി മാനേജ് ചെയ്ത്, വൃത്തിയായി ആ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി നൽകാൻ മമിതക്ക് കഴിഞ്ഞുവെന്നും നിവിൻ പ്രശംസിച്ചു. ഒപ്പമുള്ള സഹപ്രവർത്തകർക്ക് ഏറ്റവും കംഫർട്ടബിളായ അന്തരീക്ഷം സമ്മാനിക്കുന്ന, മികച്ച സ്വഭാവഗുണമുള്ള ഒരു നടിയാണ് മമിതയെന്നും, അവളുടെ നല്ല പെരുമാറ്റവും സ്വഭാവവും എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ എന്നും നിവിൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Nivin Pauly Opens Up About Mamitha Friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.