ദേവൻ

‘പണം ഉണ്ടാക്കൽ മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം’; ബി.ജെ.പി വിട്ടതിന് പിന്നാലെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ

തിരുവനന്തപുരം: കേരളത്തിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനം തമിഴക വെട്രി കഴകം (ടി.വി.കെ) വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് നടൻ ദേവൻ. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ച താരം താൻ പൂർണ്ണമായും ടി.വി.കെക്ക് ഒപ്പം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 10ന് പാർട്ടി അധ്യക്ഷൻ വിജയ് കൂടിക്കാഴ്ചക്കായി സമയം നൽകിയിട്ടുണ്ടെന്നും, ശേഷം അന്തിമ തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പിയിൽ തനിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നും, പാർട്ടിയുടെ പ്രവർത്തനരീതി തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് തീർത്തും എതിരായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതിലുപരി പണം ഉണ്ടാക്കുക മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയിൽ നിന്ന് നിരന്തരം അവഗണന നേരിട്ടു. ബിജെപിയിൽ ചേർന്നതിൽ നിന്ന് ഒരു ഗുണം ലഭിച്ചില്ല. സംസ്ഥാനത്തെ ബിജെപി നേതാക്കൾ പ്രവർത്തിക്കുന്നുമില്ല നമ്മളെ പ്രവർത്തിക്കാൻ അനുവദിക്കുകയുമില്ലാത്ത അവസ്ഥയാണ് ഉള്ളത്.

ഇനി താൻ പൂർണ്ണമായും വിജയിയുടെ തമിഴക വെട്രി കഴകത്തിനൊപ്പം പ്രവർത്തിക്കുമെന്ന് ദേവൻ വ്യക്തമാക്കി. കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും, ഇതിന്റെ ഭാഗമായി ടിവികെ തനിക്ക് കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി അധ്യക്ഷൻ വിജയിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായുള്ള അന്തിമ തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയാണ് താൻ ബി.ജെ.പി വിടുന്നതായി ദേവൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയ നിലപാടെന്നും, എന്നാൽ ബി.ജെ.പിയിൽ പ്രവർത്തിക്കുമ്പോൾ ആ ആശയങ്ങൾ യാതൊരുവിധത്തിലും നടപ്പിലാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിജയ് കേരളം സന്ദർശിക്കുമെന്നും, അദ്ദേഹവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കേരള രാഷ്ട്രീയത്തിൽ വമ്പൻ നീക്കങ്ങൾ ഉണ്ടാകുമെന്നും ദേവൻ ഇതിനു മുൻപ് വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - BJP Ignored Me, Says Actor Devan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.