തമിഴ് നടനിൽ നിന്ന് ദുരനുഭവമുണ്ടായിയെന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് നടി നിത്യ മേനോൻ. സോഷ്യൽ മീഡിയയിൽ വാർത്തയുടെ സ്ക്രീൻ ഷോർട്ട് പങ്കുവെച്ചുകൊണ്ടാണ് ഇതിനെ കുറിച്ച് പ്രതികരിച്ചത്. ഇത് അസംബന്ധമാണെന്നും താൻ ഇത്തരത്തിൽ ഒരു അഭിമുഖവും നൽകിയിട്ടില്ലെന്നും നിത്യ കുറിച്ചു.
' ഈ പ്രചരിക്കുന്നത് വ്യാജ വാർത്തയാണ്. ഇതിൽ പറയുന്ന കാര്യങ്ങൾ തികച്ചും തെറ്റാണ്. ഇത്തരത്തിൽ ഞാൻ ഒരു അഭിമുഖം നൽകിയിട്ടില്ല. ആർക്കെങ്കിലും അറിയാമെങ്കിൽ, ആരാണ് ഇത്തരത്തിലുള്ള തെറ്റായ കാര്യങ്ങൾ പടച്ചുവിടുന്നതെന്ന് പറയൂ- നിത്യ കുറിച്ചു. ക്ലിക്കിന് വേണ്ടി ഇത്തരം തെറ്റായ വാർത്തകൾ ഉണ്ടാക്കുന്നത് തെറ്റാണെന്നും നല്ല മനുഷ്യന്മാരായി ജീവിക്കൂ എന്നും നടി കൂട്ടിച്ചേർത്തു.
നമ്മൾ വളരെ കുറച്ച് കാലം മാത്രമേ ഈ ഭൂമിയിൽ ഉണ്ടാവുകയുള്ളൂ. എത്രത്തോളം തെറ്റുകളാണ് നാം പരസ്പരം ചെയ്യുന്നതെന്ന് ആലോചിച്ച് ഞാൻ അത്ഭുതപ്പെടാറുണ്ട്. ചെയ്യുന്ന ജോലിയിൽ ഉത്തരവാദിത്വം വേണം, എന്നാലെ ഇത്തരം മോശപ്പെട്ട പ്രവൃത്തികൾ ഇല്ലാതെയാവൂ. കൂടുതൽ മെച്ചപ്പെട്ട മനുഷ്യരാവൂ- താരം വ്യക്തമാക്കി. നിത്യക്ക് പിന്തുണയുമായി നിരവധി താരങ്ങൾ രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുതലാണ് നിത്യയുടെതെന്ന പേരിൽ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. തമിഴ് സിനിമാ മേഖലയിൽ ജോലി ചെയ്യുമ്പോൾ നിരവധി പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെന്നും ഒരു തമിഴ് നടൻ സെറ്റിൽവെച്ച് അപമര്യാദയായി പെരുമാറിയെന്നും നിത്യ അഭിമുഖത്തിൽ പറഞ്ഞുവെന്നായിരുന്നു വാർത്ത.
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിത്യ മേനോൻ. മോഹൻലാൽ ചിത്രമായ ആകാശഗോപുരത്തിലൂടെയാണ് നടി മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് വിജയ്, ധനുഷ്, നാനി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, അല്ലു അർജുൻ എന്നിങ്ങനെ തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായകന്മാരൊപ്പം അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.