നിത്യ മേനൻ
രാം ചരൺ നായകനായെത്തിയ പുതിയ ചിത്രം 'പെദ്ധി'യിലെ ജാൻവി കപൂറിന്റെ കഥാപാത്രത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നു. ചിത്രത്തിലെ സ്ത്രീവിരുദ്ധമായ രംഗങ്ങളും കാമറ ആംഗിളുകളും വ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചും ലൈംഗികവൽക്കരണത്തെക്കുറിച്ചും തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് നടി നിത്യ മേനൻ രംഗത്തെത്തിയിരിക്കുകയാണ്.
ജൂൺ 4ന് റിലീസ് ചെയ്ത 'പെദ്ധി' എന്ന ചിത്രത്തിൽ ജാൻവി കപൂർ അവതരിപ്പിച്ച 'അച്ചിയമ്മ' എന്ന കഥാപാത്രം പലയിടങ്ങളിലും അനാവശ്യമായി ലൈംഗികവൽക്കരിക്കപ്പെടുന്നുവെന്നാണ് പ്രധാന പരാതി. ഒരു രംഗത്ത് നായകനായ രാം ചരൺ നായികയുടെ കണ്ണുകളെക്കുറിച്ച് വാഴ്ത്തുമ്പോൾ കാമറ കാണിക്കുന്നത് അവളുടെ ശരീരഭാഗങ്ങളെയാണ്. ഇത്തരം ഷോട്ടുകൾ കഥാപാത്രത്തിന്റെ വ്യക്തിത്വത്തേക്കാൾ ഉപരി അവളുടെ ശരീരത്തെ മാത്രം കേന്ദ്രീകരിക്കുന്നതാണെന്ന് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, നായികയുടെ സമ്മതമില്ലാതെ നായകൻ അവളെ ചുംബിക്കുന്നതും, അത്തരമൊരു പ്രവൃത്തിയെ റൊമാന്റിക് ആയി ചിത്രീകരിക്കുന്നതും വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. നായികക്ക് സ്വന്തമായി ഒരു കഥാപാത്ര വികസനമോ, ആഖ്യാനത്തിൽ വലിയ പങ്കോ ഇല്ലാത്തത് ചിത്രത്തെ കൂടുതൽ ദുർബലപ്പെടുത്തുന്നതായും അഭിപ്രായമുണ്ട്. വിവാദങ്ങളെത്തുടർന്ന് സംവിധായകൻ ബുച്ചി ബാബു സന മാപ്പ് പറയുകയും, അസ്വസ്ഥതയുണ്ടാക്കുന്ന രംഗങ്ങളിൽ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് നിത്യ മേനൻ ഈ വിഷയത്തിൽ പ്രതികരിച്ചത്. ദക്ഷിണേന്ത്യൻ സിനിമയിൽ മാത്രമാണ് ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധ പ്രവണതകൾ ഉള്ളതെന്ന വാദത്തെ അവർ നിഷേധിച്ചു. ഇതൊരു ആഗോള പ്രതിഭാസമാണെന്നും എല്ലാ സിനിമാ വ്യവസായങ്ങളിലും ഇത് കാണാമെന്നുമാണ് നിത്യ വ്യക്തമാക്കിയത്. സിനിമകളുടെ അമിതമായ വാണിജ്യവൽക്കരണമാണ് ഇതിന്റെ മൂലകാരണം. തിയറ്ററുകളിൽ ആളുകളെ ആകർഷിക്കാനും പണം വാരാനും എന്ത് വേണമെങ്കിലും ചെയ്യാമെന്ന രീതി മാറിയിരിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ, അഭിനയിക്കുന്നവർക്ക് സ്വന്തം നിലപാടുകൾ വ്യക്തമാക്കാനും അതിരുകൾ നിശ്ചയിക്കാനും കഴിയണം. ഒരു നടിയെന്ന നിലയിൽ എനിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രംഗങ്ങളിൽ അഭിനയിക്കാൻ ഞാൻ തയാറല്ല നിത്യ പറഞ്ഞു. താൻ പല മികച്ച അവസരങ്ങളും വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും, എന്നാൽ പ്രശസ്തിയെക്കാൾ ഉപരി സ്വന്തം മൂല്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും നിത്യ കൂട്ടിച്ചേർത്തു.
അഭിനേതാക്കൾക്ക് തങ്ങളുടെ കഥാപാത്രങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്നും, അത് കൃത്യമായി ഉപയോഗിക്കണമെന്നും നിത്യ അഭിപ്രായപ്പെട്ടു. സിനിമയിലെ ഇത്തരം രംഗങ്ങളെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സെൻസർ ബോർഡിന്റെ മൗനത്തെ ചോദ്യം ചെയ്തും പ്രേക്ഷകർ രംഗത്തെത്തി. പ്രശസ്ത താരം രത്‌ന പഥക് ഷായുടെ പഴയൊരു വിഡിയോയും ഈ സമയത്ത് വൈറലായിട്ടുണ്ട്.
താരങ്ങൾ ഇത്തരം വേഷങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഉത്തരവാദിത്തം കാണിക്കണമെന്നും, അങ്ങനെയുള്ള രംഗങ്ങളിൽ അഭിനയിക്കാതിരിക്കാൻ ധൈര്യം കാണിക്കണമെന്നുമായിരുന്നു വിഡിയോയിലെ സന്ദേശം. എന്തായാലും, ഒരു സിനിമ എങ്ങനെയായിരിക്കണം, അതിൽ സ്ത്രീകളെ എങ്ങനെ അവതരിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള വലിയൊരു ചർച്ചക്ക് 'പെദ്ധി'യിലെ ഈ വിവാദം വഴിയൊരുക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.