നയൻതാര
ലേഡി സൂപ്പര്‍സ്റ്റാര്‍ വിളി ഒഴിവാക്കണമെന്നും ഇനി മുതല്‍ പേര് മാത്രം വിളിച്ചാല്‍ മതിയെന്നും നടി നയന്‍താര. നയന്‍താര എന്ന പേരാണ് ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നെന്നും താരം വ്യക്തമാക്കി. സ്ഥാനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും എന്നാല്‍ ചില സമയത്ത് അത് പ്രേക്ഷകരില്‍ നിന്നും വേര്‍തിരിവുണ്ടാക്കുന്നതാണെന്നും പ്രസ്താവനയില്‍ നയന്‍താര പറഞ്ഞു.
"പ്രേക്ഷകരുടെ നിരുപാധികമായ സ്നേഹവും വാത്സല്യവും കൊണ്ട് എപ്പോഴും അലങ്കരിക്കപ്പെട്ട ഒരു തുറന്ന പുസ്തകമാണ് എന്റെ ജീവിതം. വിജയസമയത്ത് എന്റെ തോളിൽ തട്ടിയും, കഷ്ടപ്പാടുകളിൽ ഉയർത്താൻ കൈ നീട്ടിയും, നിങ്ങൾ എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു. നിങ്ങളിൽ പലരും എന്നെ "ലേഡി സൂപ്പർസ്റ്റാർ" എന്ന് സ്നേഹപൂർവ്വം വിളിച്ചിട്ടുണ്ട്. ഇത്രയും വിലയേറിയ ഒരു പദവി നൽകിയതിന് ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. എന്നാൽ നിങ്ങളെല്ലാവരും എന്നെ "നയൻതാര" എന്ന് വിളിക്കണമെന്ന് ഞാൻ താഴ്മയോടെ അഭ്യർഥിക്കുന്നു. കാരണം, ആ പേരാണ് എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുന്നതെന്ന് എനിക്ക് തോന്നുന്നു" -നയൻതാര പ്രസ്താവനയിൽ പറഞ്ഞു.
നടി എന്ന നിലയിൽ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും താൻ ആരാണെന്ന് നയൻതാര എന്ന പേര് വ്യക്തമാക്കുന്നുവെന്ന് നടി പറഞ്ഞു. പദവികളും അംഗീകാരങ്ങളും വിലമതിക്കാനാവാത്തതാണ്, പക്ഷേ അവക്ക് ചിലപ്പോൾ നമ്മെ ജോലിയില്‍ നിന്നും പ്രേക്ഷകരുമായി പങ്കുവെക്കുന്ന ബന്ധത്തില്‍ നിന്നും വേര്‍തിരിക്കാനുമാവുമെന്നും നയൻതാര വ്യക്തമാക്കി.
എല്ലാ പരിധികൾക്കും അതീതമായി നമ്മെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ ഭാഷ പങ്കിടാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും ഭാവി നമുക്കെല്ലാവർക്കും പ്രവചനാതീതമാണെങ്കിലും പ്രേഷകരുടെ പിന്തുണ എന്നും നിലനിൽക്കുമെന്നതിൽ വളരെ സന്തോഷിക്കുന്നതായും നടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.