ഒരിക്കലും മാപ്പ് തരില്ല, ആദിപുരുഷ് ടീമിനെ നിർത്തി കത്തിക്കണം; രൂക്ഷ വിമർശനവുമായി മുകേഷ് ഖന്ന

രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിനെതിര രൂക്ഷവിമർശനമാണ് ഉയരുന്നത്. വാൽമീകി രാമായണത്തിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ഓം റൗട്ട് ഒരുക്കിയതെന്നും ചിത്രത്തിലൂടെ കഥാപാത്രങ്ങളെ മോശമായി ചിത്രീകരിച്ചെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.  

 ഇപ്പോഴിതാ ആദിപുരുഷിനെതിരെ രൂക്ഷ വിമർശനവുമായി അഭിനേതാവ് മുകേഷ് ഖന്ന രംഗത്ത് എത്തിയിട്ടുണ്ട്. ചിത്രത്തിലൂടെ രാമായണത്തെ പരിഹസിക്കുകയാണെന്ന് എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

' ഇവർ രാമായണം വായിച്ചിട്ടില്ലെന്ന് ഞാൻ പറയും. കാരണം രാവണന് എന്തു അനുഗ്രഹമാണ് കിട്ടിയതെന്ന് പോലും അറിയില്ല. ചെറിയ അറിവു പോലുമില്ലാത്തവരാണ് വലിയ കാര്യങ്ങൾ സംസാരിക്കുന്നത്. സിനിമ തികച്ചും അസംബന്ധമാണ്. ഇതിനൊരിക്കലും മാപ്പ് തരില്ല. ആദിപുരുഷ് ടീമിനെ നിർത്തി അമ്പത് ഡിഗ്രി സെൽഷ്യസിൽ കത്തിക്കണം മുകേഷ്  ഖന്ന പറഞ്ഞു.

സിനിമയിലെ സംഭാഷണത്തേയും നടൻ വിമർശിക്കുന്നുണ്ട്. ബാലിശം എന്നാണ് വിശേഷിപ്പിച്ചത്. ഇത്ര‍യും വിവാദങ്ങൾ നടക്കുമ്പോഴും സംവിധായകൻ ഓം റൗട്ടും തിരക്കഥാകൃത്ത് മനോജ് ശുക്ല‍യും മുഖം മറക്കാനായി മൗനം പാലിക്കുമെന്നാണ് വിചാരിച്ചത്. എന്നാൽ അവർ ചെയ്യുന്നതോ മുന്നോട്ടു വന്ന് ഇതിനെ വിശദീകരിക്കുന്നു. ഇത് സനാതന ധർമ്മത്തിന് വേണ്ടി ഒരുക്കിയ ചിത്രമാണെന്നാണ് അവർ പറയുന്നത്.എന്നാൽ ഞങ്ങളുടെ സനാതന ധർമത്തിൽ നിന്ന് വ്യത്യസ്തമാണോ നിങ്ങളുടെത്- അദ്ദേഹം ചോദിക്കുന്നു.

ദേവിയെയും ശ്രീരാമനെയും കുറിച്ചുള്ള ഭജനകളിലൂടെയാണ് ടി-സീരീസ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയരായത്.അദ്ദേഹത്തിന്റെ മകൻ ഭൂഷൺ കുമാറാണ് ഈ രാമായണം നിർമിച്ചിരിക്കുന്നത്. അദ്ദേഹം പിതാവിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുകയാണോ അതോ പേര് നശിപ്പിക്കുകയാണോ? ഖന്ന കൂട്ടിച്ചേർത്തു.

ചിത്രവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ സിനിമയുടെ കളക്ഷനെ ബാധിച്ചിട്ടുണ്ട്. ആദ്യ ദിനം 140 കോടി സ്വന്തമാക്കി ചിത്രം തിങ്കളാഴ്ച കളക്ഷൻ താഴ്ന്നിട്ടുണ്ട്. ശനി, ഞായര്‍ ദിനങ്ങളിൽ ചിത്രം 100 കോടി വീതം നേടിയ ചിത്രം, തിങ്കളാഴ്ച 35 കോടി മാത്രമാണ് ആഗോള ഗ്രോസ്. വി.എഫ്. എക്സിന് ഏറെ പ്രധാന്യം നൽകി കൊണ്ട് ഒരുക്കിയ ചിത്രം 500 കോടി ബജറ്റിലാണ് നിർമിച്ചത്.

Tags:    
News Summary - Mukesh Khanna slams 'Adipurush' makers It is absolutely rubbish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.