മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരൻ എം.ടി വാസിദേവൻ നായർക്ക് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി. സമൂഹമാധ്യമങ്ങളിൽ എം.ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസ അറിയിച്ചിരിക്കുന്നത്. 'പ്രിയപ്പെട്ട എം.ടി സാറിന്റെ ജന്മദിനം...എന്നും ഓർമ്മകളിൽ' എന്ന കുറിപ്പോടെയാണ് നടൻ ചിത്രം പങ്കുവെച്ചത്.
എം.ടിയുടെ ഹൃദയത്തിൽ ഇടം കിട്ടിയതാണ് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നാണ് അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ മമ്മൂട്ടി സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. എം.ടിയെ നെഞ്ചോട് ചേർത്ത ചിത്രവും പങ്കുവെച്ചിരുന്നു. എം.ടിയുടെ തൂലികയിൽ പിറന്ന നിരവധി കഥാപാത്രങ്ങൾക്ക് മമ്മൂട്ടി അഭ്രപാളിയിൽ ജീവൻ നൽകിയിട്ടുണ്ട്.
ആൾക്കൂട്ടത്തിൽ തനിയെ, അക്ഷരങ്ങൾ, അടിയൊഴുക്കുകൾ, അനുബന്ധം, ഇടനിലങ്ങൾ, കൊച്ചുതെമ്മാടി, ഒരു വടക്കൻ വീരഗാഥ, മിഥ്യ, സുകൃതം, കേരളവർമ പഴശ്ശിരാജ തുടങ്ങിയ എണ്ണമറ്റ സിനിമകൾ. മമ്മൂട്ടിയുടെ കരിയറിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നു അതെല്ലാം. അതിൽ എം.ടിയുടെ ആത്മാംശമുള്ള സിനിമയാണ് സുകൃതം.
2024 ഡിസംബർ 15ന് ശ്വാസകോശ സംബന്ധിയായ അസുഖത്തെ തുടർന്നാണ് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് നാലാം ദിവസം ഹൃദയാഘാതമുണ്ടായി ആരോഗ്യനില കൂടുതൽ വഷളായി. പിന്നീട് വൃക്കകളുടെയും ഹൃദയത്തിന്‍റെയും പ്രവർത്തനം മന്ദഗതിയിലാകുകയും മരണം ഡോക്ടർമാർ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.