ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻ ലാലിനെ അഭിനന്ദിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ഈ പുരസ്കാരത്തിന് മോഹൻ ലാൽ തികച്ചും അർഹനാണെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. ലാൽ, നിങ്ങളെ കുറിച്ചോർത്ത് അഭിമാനവും സന്തോഷവും തോന്നുന്നു. പുരസ്കാരം ലഭിച്ചിരിക്കുന്നത് ഒരു നടന് മാത്രമല്ല, മറിച്ച് സിനിമ ജീവശ്വാസമാക്കിയ ഒരു യഥാർഥ കലാകാരനാണ്.
ഒരു സഹപ്രവർത്തകൻ, സഹോദരൻ എന്നതിലുപരി മോഹൻലാൽ പതിറ്റാണ്ടുകളായി അത്ഭുതകരമായി സിനിമാ യാത്ര തുടരുന്ന കലാകാരനാണെന്നും മമ്മൂട്ടി കുറിച്ചു.
2023ലെ പുരസ്കാരമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 23ന് നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽവെച്ച് ദാദാസാഹിബ് ഫാൽകെ പുരസ്കാരം മോഹൻലാലിന് സമ്മാനിക്കും. ദാദാസാഹിബ് ഫാൽകെ അവാർഡ് സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരം 2023 ലെ അഭിമാനകരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് മോഹൻലാലിന് നൽകുമെന്ന് ഇന്ത്യൻ സർക്കാർ സന്തോഷപൂർവം അറിയിക്കുന്നു എന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മോഹൻലാലിന്റെ ശ്രദ്ധേയമായ സിനിമാ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നു! ഇതിഹാസ നടനും സംവിധായകനും നിർമ്മാതാവുമായ അദ്ദേഹത്തെ ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവനക്ക് ആദരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, അക്ഷീണമായ കഠിനാധ്വാനം എന്നിവ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന് ഒരു സുവർണ നിലവാരം നേടിത്തന്നു -പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യൻ സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ 100-ാം ജന്മവാർഷികമായ 1969 മുതലാണ് ഈ പുരസ്കാരം കേന്ദ്ര സർക്കാർ നൽകിത്തുടങ്ങിയത്. ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു കഴിഞ്ഞ വർഷം ദാദാസാഹിബ് ഫാൽകെ പുരസ്കാരം ലഭിച്ചത്. ഇതിന് മുമ്പ് ഫാൽക്കെ പുരസ്കാരം ലഭിച്ച മലയാളി സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ്. 2004ലായിരുന്നു അടൂരിന് ഫാൽകെ പുരസ്കാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.