ഒരു മുഴുനീള പെർഫോമൻസ് ചെയ്യാൻ ഇപ്പോൾ കഴിയില്ല, ആഗ്രഹം പൂർണ ആരോഗ്യത്തോടെ വരാൻ; മഹേഷ് കുഞ്ഞുമോൻ
വാഹനാപകടത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ അടുത്തിടെ ഒരു ചാനൽ പരിപാടിയിലൂടെ തിരികെ എത്തിയിരുന്നു. ജയിലർ സിനിമയിലെ വിനായകന്റെ ശബ്ദം അനുകരിച്ചുകൊണ്ടായിരുന്നു തിരിച്ചുവരവ്. മഹേഷ് കുഞ്ഞുമോന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
എന്നാൽ താൻ പൂർണമായി ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് അറിയിച്ചിരിക്കുകയാണ് താരം. ആരോഗ്യം ഭേദപ്പെട്ടന്ന് കരുതി തന്നെ പ്രോഗ്രാമിന് വിളിക്കുന്നവരോട് ഒരു മുഴുനീള പെർഫോമൻസ് ചെയ്യാൻ ഇപ്പോഴത്തെ അവസ്ഥയിൽ കഴിയില്ലെന്നും മഹേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു. പൂർണ ആരോഗ്യത്തോടെ വേദികളിലേക്ക് വരാനാണ് ആഗ്രഹിക്കുന്നതെന്നും അതിനുവേണ്ടി പരിശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
'വീണ്ടും വരാൻ കഴിഞ്ഞതിൽ എനിക്ക് നിങ്ങളെപ്പോലെ വളരെ സന്തോഷമുണ്ട്. എന്നാൽ എല്ലാവരും ഞാൻ ആരോഗ്യപരമായി പൂർണമായും ഭേദപ്പെട്ടന്ന് കരുതുന്നവരാണ്. എനിക്ക് ഇപ്പോഴും ആരോഗ്യപ്രശ്നങ്ങളുണ്ട്. ഒരു വേദിയിൽ ഒരു മുഴുനീള പെർഫോമൻസ് ചെയ്യാൻ ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് കഴിയില്ല. ഒരുപാട് ആളുകൾ ഇപ്പോൾ ഞാൻ ഓക്കെ ആണെന്ന തെറ്റിദ്ധാരണയിൽ പ്രോഗ്രാമിന് വിളിക്കുകയാണ്. പൂർണ ആരോഗ്യത്തോടെ വേദികളിലേക്ക് വരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നണ്ട്. എല്ലാവരുടേയും പ്രാർഥനകൾ ഉണ്ടാകണം'- മഹേഷ് കുഞ്ഞുമോൻ കുറിച്ചു.
നടൻ കൊല്ലം സുധിയുടെ ജീവനെടുത്ത വാഹനാപകടത്തിലാണ് മഹേഷിന് ഗുരുതരമായി പരിക്കേൽക്കുന്നത്. കഴിഞ്ഞ ജൂൺ അഞ്ചിന് കോഴിക്കോട്ടെ വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്തു മടങ്ങി വരുമ്പോഴാണ് തൃശൂർ കയ്പമംഗലത്തുവെച്ച് അപകടം സംഭവിക്കുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. നടൻ ബിനു അടിമാലിക്കും ഡ്രൈവർ ഉല്ലാസ് അരൂരിനും പരിക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിലായ മഹേഷ് നിരവധി ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.