ശങ്കർ

സിനിമാ കോപ്പിയടി: സംവിധായകൻ ശങ്കറിന്‍റെ സ്വത്ത് കണ്ടുകെട്ടിയ ഇ.ഡി നടപടിക്ക് സ്റ്റേ

ന്യൂഡൽഹി: സിനിമ കോപ്പിയടിച്ചതാണെന്ന കേസിൽ സംവിധായകൻ ശങ്കറിന്‍റെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടപടിക്ക് മദ്രാസ് ഹൈകോടതിയുടെ സ്റ്റേ. ശങ്കർ നൽകിയ ഹരജിയിൽ എം.എസ്. രമേശ്, എൻ. സെന്തിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. നടപടിയിൽ സത്യവാങ്മൂലം നൽകാൻ കോടതി ഇ.ഡിക്ക് നിർദേശം നൽകി.

‘യന്തിരൻ’ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമ കോപ്പിയടിച്ചതാണെന്ന കേസിൽ ശങ്കറിന്‍റെ 10.11 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരുന്നത്. സ്വത്ത് കണ്ടുകെട്ടൽ സംബന്ധിച്ച് ഇ.ഡി.യിൽ നിന്ന് ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നില്ലെന്ന് നേരത്തെ ശങ്കർ പറഞ്ഞിരുന്നു.

2011ൽ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അരൂർ തമിഴ്‌നാടൻ പരാതി നൽകിയതോടെയാണ് നിയമയുദ്ധം ആരംഭിക്കുന്നത്. ‘യന്തിരൻ’ സിനിമയിലെ ഭൂരിഭാഗവും 1996ൽ പ്രസിദ്ധീകരിച്ച തന്‍റെ കഥ ‘ജിഗുബ’യിൽനിന്ന് അനുമതിയില്ലാതെ എടുത്തതാണെന്ന് പരാതിയിൽ പറഞ്ഞിരുന്നു. കൃതിയിൽ നിന്നുള്ള നിരവധി ആഖ്യാന ഘടനകൾ, ആശയങ്ങൾ എന്നിവ സിനിമയിൽ പകർത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.

ശങ്കർ, സൺ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ കലാനിധി മാരൻ, സൺ പിക്‌ചേഴ്‌സ് എന്നിവർക്കെതിരെയാണ് കേസ് നൽകിയത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവക്കായി ശങ്കറിന് 11.5 കോടി രൂപ പ്രതിഫലം ലഭിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

Tags:    
News Summary - Madras High Court stays ED’s attachment of director Shankar’s properties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.