രജനീകാന്തും ലതയും

‘മക്കൾ മേടൈ’യുമായി ലത രജനീകാന്ത്; തമിഴ്‌നാടിനായി വലിയ സ്വപ്നങ്ങളുമായി രജനിയും

ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഭാര്യ ലത രജനീകാന്ത് ആരംഭിച്ച 'മക്കൾ മേടൈ' എന്ന സാമൂഹിക സംഘടന തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. മുൻ ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് 'മക്കൾ മേടൈ'യെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്.

‘നമുക്കെല്ലാവർക്കും ഒത്തുചേർന്ന് ഒരു ശക്തമായ ജനശക്തിയായി മാറുകയും അർത്ഥവത്തായ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യാം. താല്പര്യമുള്ള ആർക്കും പ്രസ്ഥാനത്തിൽ ചേരാം. സമൂഹത്തെ സേവിക്കുന്നതിനും കൂട്ടായ്മയിലൂടെ നല്ല മാറ്റം വരുത്തുന്നതിനുമായി മുന്നോട്ട് വരുക’ ലത പറഞ്ഞു.

സംഘടനയുടെ പ്രവർത്തനങ്ങളിൽ ഭർത്താവ് രജനീകാന്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് ലത രജനീകാന്ത് തുറന്നുപറഞ്ഞു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് അവർ വ്യക്തമാക്കിയത്. ‘തമിഴ്‌നാടിന്റെ വികസനത്തെക്കുറിച്ചും ജനങ്ങളെ എങ്ങനെ സഹായിക്കാമെന്നതിനെക്കുറിച്ചും അദ്ദേഹത്തിന് വലിയൊരു സ്വപ്നമുണ്ട്. രജനീകാന്ത് ഫൗണ്ടേഷനിലൂടെ അദ്ദേഹം അത് തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ കുടുംബം മുഴുവൻ ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിൽ ഒന്നിച്ചാണ്’ ലത പറഞ്ഞു.

‘എല്ലാ കാര്യങ്ങളും ഞാൻ അദ്ദേഹത്തോട് സംസാരിക്കാറുണ്ട്. ചെയ്യുന്ന കാര്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഈ ലക്ഷ്യത്തിനായി മുന്നോട്ട് പോകേണ്ട വഴികളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യുന്നു. കുടുംബത്തിന്റെ സ്നേഹവും പിന്തുണയുമില്ലാതെ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് കരുതുന്നില്ല. അദ്ദേഹം നൽകുന്ന എല്ലാ പിന്തുണക്കും നന്ദി പറയുന്നു’ അവർ കൂട്ടിച്ചേർത്തു.

രജനീകാന്ത് നേരത്തെ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രഖ്യാപിക്കുകയും പിന്നീട് ആരോഗ്യം കണക്കിലെടുത്ത് അതിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. എന്നാൽ, പരോക്ഷമായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചർച്ചകളിൽ അദ്ദേഹത്തിന്റെ പേര് എപ്പോഴും സജീവമാണ്. 'മക്കൾ മേടൈ'യുടെ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പിന്തുണയുണ്ടെന്ന ലതയുടെ വെളിപ്പെടുത്തൽ, ഇത് ഭാവിയിൽ ഒരു രാഷ്ട്രീയ പാർട്ടിയായി മാറുമോ എന്ന ചോദ്യം വീണ്ടും ഉയർത്തുന്നുണ്ട്.

കെ. അണ്ണാമലൈയുടെ പുതിയ പ്രസ്ഥാനമായ 'വി ദ ലീഡേഴ്സ്' എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് 'മക്കൾ മേടൈ' ജന ശ്രദ്ധയിൽപ്പെടുന്നത്. അണ്ണാമലൈയുടെ നീക്കത്തോടുള്ള പ്രതികരണമാണ് ലതയുടെ പുതിയ സംഘടനയെന്ന് ആരോപണമുണ്ടായിരുന്നു. എന്നാൽ 'മക്കൾ മേടൈ' മാർച്ച് മാസത്തിലാണ് പ്രഖ്യാപിച്ചത്.

വിവിധ മേഖലകളിൽ പരിചയസമ്പന്നരായ മുതിർന്ന പൗരന്മാർ, വിരമിച്ച ഉദ്യോഗസ്ഥർ, അധ്യാപകർ, പ്രൊഫഷണലുകൾ എന്നിവരെ ഒന്നിപ്പിച്ച് തമിഴ്‌നാടിന്റെ വികസനത്തിനായി പ്രവർത്തിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ഓരോ മണ്ഡലങ്ങളിലും പ്രാദേശിക നേതൃത്വത്തെ വളർത്തുന്നതിനും 'മക്കൾ മേടൈ' മുൻഗണന നൽകും.

Tags:    
News Summary - Latha Rajinikanth on Rajinikanth's input for Makkal Medai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.