ആൺസുഹൃത്തിനെതിരെ ഗുരുതര ആരോപണവുമായി തമിഴ് താരം അനിഖ വിക്രമൻ. ക്രൂരമായി മർദിച്ചെന്നും ഫോൺ നശിപ്പിച്ചെന്നും നടി സോഷ്യൽ മീഡിയയിൽ കുറിച്ചു. കൂടാതെ മർദനത്തിൽ പരിക്കേറ്റ ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.
'അനൂപ് പിള്ള എന്നൊരാളുമായി ഞാൻ ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആയാൾ എന്നെ മാനസികമായും ശരീരികമായും ഏറെ ഉപദ്രവിച്ചു. ഇതെല്ലാം ചെയ്തതിന് ശേഷം ഇയാൾ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചെന്നൈയിൽ വെച്ചാണ് ആദ്യമായി മർദിച്ചത്. ശേഷം എന്റെ അ കാലിൽ വീണു കരഞ്ഞു. വിഡ്ഢിയായ ഞാൻ അന്ന് അയാളെ വിശ്വസിച്ച് ആ സംഭവം വിട്ടുകളഞ്ഞു. എന്നാൽ വീണ്ടും മർദിച്ചപ്പോൾ പൊലീസിൽ പരാതി നൽകി. എന്നാൽ കാര്യമായി ഒന്നും സംഭവിച്ചില്ല. പൊലീസുകാർക്ക് പണം നൽകിയ അയാളുടെ വശത്താക്കി. പൊലീസുകാർ കൂടെയുള്ള ധൈര്യത്തിൽ വീണ്ടും ഉപദ്രവിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ഞാൻ പല തവണ ഉപദ്രവിക്കപ്പെട്ടു, വഞ്ചിക്കപ്പെട്ടു. ഇതോടെ അയാളെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ, എന്നെ വിടാൻ ആ മനുഷ്യൻ, അങ്ങനെ വിളിക്കാമോ എന്ന് ഇപ്പോഴും തീർച്ചയില്ല, ഒരുക്കമായിരുന്നില്ല. ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. അത് സത്യമാണ്.
ഞാൻ ഷൂട്ടിങ്ങിന് പോകാതിരിക്കാൻ അയൾ എന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചു. ഞങ്ങൾ പിരിഞ്ഞ ശേഷവും ഞാനറിയാതെ എന്റെ വാട്സാപ്പ് അയാളുടെ ഫോണിൽ കണക്ട് ചെയ്തിരുന്നു. എന്റെ ചാറ്റുകൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഹൈദരാബാദിലേക്ക് മാറുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഇയാൾ എന്റെ ഫോൺ ലോക്ക് ചെയ്തു. പിന്നീട് എന്നെ ക്രൂരമായി മർദ്ദിച്ചു. എന്റെ വായും മൂക്കും പൊത്തിപ്പിടിച്ച് അയാൾ ശ്വാസംമുട്ടിച്ചു. തൊണ്ടയിൽനിന്ന് ശബ്ദം പോലും പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല. എന്റെ ബോധം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് അയാൾ കൈ മാറ്റിയത്. എന്റെ ജീവിതത്തിലെ അവസാന രാത്രിയാണ് അതെന്നു ഞാൻ കരുതി. അവിടെനിന്ന് എഴുന്നേറ്റ ഞാൻ അടുത്ത മുറിയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അയാൾ അവിടെയും വന്നു. പുറത്തുപോയി ഫ്ലാറ്റിന്റെ സുരക്ഷാ ജീവനക്കാരനോടു പരാതിപ്പെട്ടെങ്കിലും അയാൾ നിസഹായനായിരുന്നു. അതോടെ ശുചി മുറിയിൽ കയറി വാതിലടച്ച് രാവിലെ വരെ അവിടെയിരുന്നു.
ഈ മുഖം വച്ച് നീ ഇനി എങ്ങനെ അഭിനയിക്കുന്നത് കാണാമെന്നു പറഞ്ഞാണ് അയാൾ മർദിച്ചിരുന്നത്. ഞാൻ കണ്ണാടിയിൽ നോക്കി പൊട്ടിക്കരയുമ്പോൾ, നിന്റെ നാടകം കൊള്ളാം എന്ന് പറഞ്ഞ് അയാൾ ഉച്ചത്തിൽ പൊട്ടിച്ചിരിക്കും. എന്നെ ക്രൂരമായി ഉപദ്രവിച്ച ശേഷം അയാൾ സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കാൻ പോയി. ഞാൻ ശരിക്കും തകർന്നു പോയിരുന്നു. ക്രൂരതയ്‌ക്കൊരു മുഖമുണ്ടെങ്കിൽ അത് അയാളുടെ മുഖമായിരിക്കും. ഇതെല്ലാം ചെയ്ത ശേഷവും അയാളുടെ പ്രശ്നം ഞാൻ വീട്ടുകാരോടും പൊലീസിനോടും പരാതിപ്പെടുമോ എന്നതു മാത്രമായിരുന്നു. ശാരീരികമായും മാനസികമായും എന്റെ അവസ്ഥ പഴയ പടിയാകാൻ കുറേ സമയമെടുത്തു.
പക്ഷേ, ഇത്തവണ ഇതങ്ങനെ വിടാൻ ഞാൻ ഒരുക്കമല്ലായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എന്റെ കുടുംബത്തിന് യാതൊരു പിടിയുമുണ്ടായിരുന്നില്ല. സുഹൃത്തുക്കളെന്ന് ഞാൻ വിശ്വസിച്ചിരുന്ന ചിലരും ചതിച്ചു. പണമാണ് മനുഷ്യത്വത്തെക്കാൾ വലുതെന്ന് അവർ എന്നെ പഠിപ്പിച്ചു.
ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഞാൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ അയാൾ ഒളിവിലാണ്. ഇപ്പോൾ അമേരിക്കയിലാണുള്ളത് . തുടർച്ചയായി എനിക്കെതിരെ ഭീഷണികൾ വരുന്ന സാഹചര്യത്തിലാണ് ഇതെല്ലാം ഞാൻ ഇവിടെ തുറന്നെഴുതുന്നത്. ഇപ്പോൾ ഞാൻ ഇതിൽനിന്നെല്ലാം പൂർണമായും മുക്തിയായി ഷൂട്ടിങ്ങിൽ സജീവമാണ്’ – അനിഖ വിക്രമൻ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.