മുംബൈ: ഇക്കഴിഞ്ഞ ജനുവരി 16ന് പുലർച്ചെ 2.30നാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന് നേരെ ബാന്ദ്രയിലെ വീട്ടിൽ വെച്ച് ആക്രമണമുണ്ടായത്. വീട്ടിൽ മോഷണത്തിനെത്തിയ അക്രമി സെയ്ഫിനെ മകനെ ഉപദ്രവിക്കാൻ ശ്രമിക്കുകയും രക്ഷിക്കാനെത്തിയപ്പോൾ നടന് പരിക്കേൽക്കുകയുമായിരുന്നു. അക്രമിയുടെ ആവർത്തിച്ചുള്ള ആക്രമണത്തിൽ നട്ടെല്ലിനടക്കം സെയ്ഫ് അലി ഖാന് ആഴത്തിൽ മുറിവുകളേറ്റിരുന്നു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ഒരാഴ്ത്തെ ചികിത്സക്കു ശേഷമാണ് നടൻ വീട്ടിലെത്തിയത്.
അക്രമം നടന്ന ദിവസത്തെ കുറിച്ച് ഓർക്കുകയാണ് ഇപ്പോൾ സെയ്ഫ് അലി ഖാൻ. അന്നത്തെ രാത്രിയിൽ ആക്രമണത്തിൽ പരിക്കേറ്റ് രക്തത്തിൽ കുളിച്ച തന്റെ ജീവൻ രക്ഷിക്കാനായി കരീന സഹായത്തിനായി കേണു വിളിച്ചിട്ടും ആരും മറുപടി നൽകിയില്ലെന്നുമാണ് സെയ്ഫ് പറയുന്നത്.
''അന്ന് കരീന സുഹൃത്തുക്കൾക്കൊപ്പം ഡിന്നർ കഴിഞ്ഞാണ് വീട്ടിലെത്തിയത്. കുറച്ചു നേരം സംസാരിച്ച ശേഷം ഞങ്ങൾ ഉറങ്ങാൻ കിടന്നു. പെട്ടെന്നാണ് ഞങ്ങളുടെ വീട്ടിലെ ജോലിക്കാരി വാതിലിൽ മുട്ടി വിളിച്ചത്. വാതിൽ തുറന്ന ഞങ്ങളെ കാത്തിരുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു. വീട്ടിൽ ഒരാൾ അതിക്രമിച്ചുകടന്നിരിക്കുന്നു. അയാൾ ജെഹിന്റെ മുറിയിലെത്തി കത്തി കാണിച്ച് ഭീഷണി മുഴക്കി പണം ആവശ്യപ്പെടുന്നു.''-സെയ്ഫ് അലി ഖാൻ തുടർന്നു.
ആരും ചകിതയായി പോകുന്ന സന്ദർഭത്തിൽ കരീന കരുത്തോടെ നിന്നു. പെട്ടെന്ന് തന്നെ ഇളയ മകൻ ജെഹിന്റെ മുറിയിലേക്കോടി അവനെ അക്രമിയിൽ നിന്ന് മാറ്റാനാണ് അവൾ ശ്രമിച്ചതെന്നും നടൻ പറഞ്ഞു.
അക്രമി ഒരാൾ മാത്രമല്ല, സഹായിക്കാനായി കുറെ പേരുണ്ടാകുമെന്ന് കരീന ഉറച്ചുവിശ്വസിച്ചു. മക്കളെ സുരക്ഷിതമാക്കാനായിരുന്നു തിടുക്കം. അക്രമിയിൽ നിന്ന് മകനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് സെയ്ഫിന് കുത്തേൽക്കുന്നത്. കൺമുന്നിൽനടക്കുന്നത് വിശ്വസിക്കാൻ പ്രയാസപ്പെട്ട കരീന, പെട്ടെന്നു തന്നെ കുത്തേറ്റ് രക്തത്തിൽ കുളിച്ച ഭർത്താവിന്റെ ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങൾ തേടി. വീടിനു പുറത്തിറങ്ങി ടാക്സിക്കാരെയും ഓട്ടോറിക്ഷക്കാരെയും സഹായത്തിനായി വിളിച്ചു. സഹായത്തിനായി അലറിവിളിച്ചിട്ടും ആരും എത്തിയില്ല.
ചിലരെ ഫോണിൽ ബന്ധപ്പെടാനും ശ്രമിച്ചു. കിട്ടിയില്ല. വേദനകൊണ്ടു പിടയുമ്പോഴും തനിക്കൊന്നുമില്ലെന്നും മരിക്കാൻ പോവുകയല്ലെന്നും പറഞ്ഞ് ആ സമയത്ത് സെയ്ഫ് അലി ഖാൻ കരീനയെ ആശ്വസിപ്പിച്ചു. ഒടുവിൽ ഒരു ഓട്ടോറിക്ഷക്കാരനാണ് സെയ്ഫിന്റെ ജീവൻ രക്ഷിച്ചത്.
പുലർച്ചെ മൂന്നുമണിയോടെയാണ് സെയ്ഫിനെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചത്. അഞ്ചു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വീട്ടിൽ മടങ്ങിയെത്തുകയും ചെയ്തു. സംഭവത്തിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്. അക്രമിയെന്ന് കരുതുന്ന ബംഗ്ലാദേശ് പൗരനെ ബാന്ദ്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.