ഷാറൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന 'ബാഡ്സ് ഓഫ് ബോളിവുഡ്' എന്ന സീരീസ് റിലീസായിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മികച്ച പ്രതികരണമാണ് സെലിബ്രിറ്റികളുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ഇപ്പോഴിതാ, ആര്യനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കജോൾ. സീരീസിന്‍റെ പ്രീമിയറിൽ നിന്നുള്ള നിരവധി ചിത്രങ്ങളും കജോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
അജയ് ദേവ്ഗണിനും ഷാരൂഖ് ഖാനും ഒപ്പമുള്ള ചിത്രവും ഇതിൽ ഉൾപ്പെടുന്നു. ചിത്രങ്ങളിൽ ആര്യൻ, സഹോദരി സുഹാന, അമ്മ ഗൗരി ഖാൻ എന്നിവരും ഉണ്ട്. 'ബോളിവുഡിലെ ബാഡ്‌സിന് ഒപ്പം.... ആര്യന് അഭിനന്ദനങ്ങൾ. ഇത് നിന്‍റെ ഷോ ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്! വളരെ ആവേശത്തിലാണ്' എന്ന അടിക്കുറിപ്പോടെയാണ് കജോൾ പോസ്റ്റ് പങ്കുവെച്ചത്.
കഭി ഖുഷി കഭി ഗം (2001) എന്ന ഹിന്ദി ചിത്രത്തിൽ ഷാരൂഖിന്റെ ചെറുപ്പകാലം അവതരിപ്പിച്ചാണ് താര പുത്രൻ ആദ്യമായ് ബോളിവുഡിൽ എത്തുന്നത്. ഇപ്പോൾ ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സീരിസിന്‍റെ സംവിധായകനായി വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുകയാണ് ആര്യൻ. ചിത്രത്തിൽ അതിഥി താരങ്ങളായി ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സല്‍മാൻ ഖാൻ, രാജ്കുമാർ റാവു, സിദ്ധാന്ത് ചതുര്‍വേദി, അർജുൻ കപൂർ, ദിഷ പടാനി, ബാദ്ഷാ, എസ്.എസ്. രാജമൗലി, കരൺ ജോഹർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.
പാപ്പരാസി കൾച്ചർ, നെപോട്ടിസം, രാഷ്ട്രീയം എന്നിവയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോവുന്നത്. ബോളിവുഡിനെ ട്രോളുന്ന തരത്തിൽ സറ്റയര്‍, സ്പൂഫ് എലെമെന്റും ചിത്രത്തിലുണ്ട്. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ചാണ് സീരിസ് നിർമിക്കുന്നത്. മുംബൈയിൽ നടന്ന ഗംഭീര ഇവന്റിൽ വെച്ചാണ് സീരിസിന്റെ ട്രെയിലർ ലോഞ്ച് ചെയ്തത്. നടൻ ഷാരൂഖ് ഖാനും ചടങ്ങിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.