കങ്കുവയെ മാത്രം എന്തിന് ഇത്ര വിമർശിക്കുന്നു, മോശം സിനിമകളുണ്ടായിട്ടില്ലേ‍-ജ്യോതിക

സിരുത്തൈ ശിവ സംവിധാനം ചെയ്ത സൂര്യ നായകനായി എത്തിയ ചിത്രമായിരുന്നു കങ്കുവ. വലിയ ബജറ്റില്‍ വമ്പന്‍ പ്രതീക്ഷയോടെ എത്തിയ ചിത്രം പക്ഷേ വിമര്‍ശനങ്ങളായിരുന്നു ഏറ്റുവാങ്ങിയത്. ഇപ്പോൾ സിനിമക്ക് നേരെ വന്ന വിമർശനങ്ങൾക്കെതിരെ പ്രതികരിക്കുകയാണ് ജ്യോതിക. പുതിയ സീരീസായ ഡബ്ബാ കാർട്ടലുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലായിരുന്നു ജ്യോതികയുടെ പ്രതികരണം.

പല മോശം സിനിമകളും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ സൂര്യയുടെ സിനിമകളിലേക്ക് വന്നാൽ എപ്പോഴും വിമർശനങ്ങളാണ് മുന്നിട്ട് നിൽക്കുന്നത്. ആ സിനിമയിൽ മോശം ഭാഗങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഒരുപാട് പേരുടെ പരിശ്രമത്തിന്‍റെ ഫലമായിരുന്നു ആ ചിത്രം. പല മോശം സിനിമകളേക്കാളും കങ്കുവ വിമർശിക്കപ്പെടുന്നത് വിഷമം ഉണ്ടാക്കുന്നുണ്ട്. ജ്യോതിക പറഞ്ഞു.

ഇതിന് മുന്നേയും കങ്കുവക്ക് നേരെ വന്ന വിമർശനങ്ങളിൽ ജ്യോതിക പ്രതികരിച്ചിട്ടുണ്ട്. സിനിമയെക്കറിച്ച് വന്ന നെഗറ്റീവ് റിവ്യൂസ് എന്നെ ആശ്ചര്യപ്പെടുത്തി. കാരണം ഇതിന് മുമ്പ് ഞാൻ കണ്ട മോശം ചിത്രങ്ങൾക്ക് പോലും ഇത്രയും നെഗറ്റീവ് റിവ്യു കണ്ടിട്ടില്ല. അതിപ്പോൾ സത്രീകളെ അപമാനിക്കുന്നതോ ഡബിൾ മീനിങ് ഡയലോഗുള്ളതായാലോ പ്രശ്നമില്ല.

ആദ്യ ഷോ തീരുന്നതിന് മുമ്പുതന്നെ നിരവധി വിമർശനങ്ങളാണ് കങ്കുവ നേരിട്ടത്. ആദ്യ ദിവസം തന്നെ ഇത്രമാത്രം വിമർശനം ഉയരുന്നത് വളരെ സങ്കടകരമാണ്. സിനിമയിലെ അര മണിക്കൂർ വർക്കായില്ല. ശബ്ദം പ്രശ്നമായിരുന്നു. ഒട്ടുമിക്ക പരീക്ഷണ ഇന്ത്യൻ സിനിമകളിൽ പിഴവ് സംഭവിക്കാറുണ്ട്. മൂന്ന് മണിക്കൂറിൽ ആദ്യത്തെ അര മണിക്കൂർ മാത്രമാണ് ഈ പ്രശ്നം നേരിട്ടത്. ജ്യോതിക പറഞ്ഞു.

കഴിഞ്ഞ വർഷം നവംബർ 14 ആണ് സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രമായ കങ്കുവ തിയറ്ററുകളിലെത്തിയത്. സൂര്യ ഇരട്ട വേഷം ചെയ്ത ഈ ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോള്‍ ആണ് വില്ലന്‍ വേഷം ചെയ്തിരിക്കുന്നത്. ദിശ പട്ടാണിയാണ് ചിത്രത്തിലെ നായിക. യോഗി ബാബു, കെ എസ് രവികുമാര്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്. 

Tags:    
News Summary - Jyotika on defending Suriya's Kanguva amid harsh reviews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.