സിനിമ മേഖലയിലെ ലഹരിക്കേസുകളുടെ എണ്ണം വർധിച്ചു വരികയാണ്. ഷൈൻ ടോം ചാക്കോ, ഖാലിദ് റഹ്മാൻ, അശ്റഫ് ഹംസ എന്നിവരൊക്കെ കഞ്ചാവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലായിരുന്നു. ഏറ്റവും ഒടുവിലായി റാപ്പർ വേടനാണ് കഞ്ചാവുമായി പിടിയിലായത്. വേടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്.
ലഹരി ഉപയോഗത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ്. ഇത്തരം കേസുകളിൽ പിടിയിലാകുന്നവരെ ന്യായികരിക്കുന്നതിനെ ജൂഡ് ആന്‍റണി വിമർശിച്ചു. ലഹരി ജീവിതം തകർത്ത ഒരുപാട് പേരുണ്ടെന്നും 10 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന ഡീ അഡിക്ഷൻ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും ഒന്ന് താരതമ്യം ചെയ്തു നോക്കിയാൽ മതിയെന്നും ജൂഡ് എഴുതി.
'ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം. ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകർത്ത ഒരുപാട് പേരുണ്ട്. ഒരു 10 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന ഡീ അഡിക്ഷൻ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും ഒന്ന് താരതമ്യം ചെയ്തു നോക്കിയാൽ മതി. ഒഴിവാക്കിയാൽ അവനവനു കൊള്ളാം, അത്രേ പറയാനുള്ളൂ' എന്നാണ് ജൂഡ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
ഗായകൻ ഷഹബാസ് അമൻ, നടിയും സാമൂഹ്യ പ്രവർത്തകയുമായ ലാലി പി.എം, എഴുത്തുകാരനും അധ്യാപകനുമായ സുനിൽ പി. ഇളയിടം എന്നിങ്ങനെ നിരവധി പ്രമുഖരാണ് വേടന് പിന്തുണയുമായി എത്തിയത്. വേടൻ ഇവിടെ വേണം എന്നതായിരുന്നു ഗായകൻ ഷഹബാസ് അമന്‍റെ പോസ്റ്റ്. സവർണ്ണതയെ ആഴത്തിൽ വെല്ലുവിളിക്കുന്നതാണ് വേടന്‍റെ കല. വേടന്‍റെ കലക്കും അതിന്‍റെ രാഷ്ട്രീയത്തിനുമെതിരായ കടന്നാക്രമണമാണ് നടപടിയെന്നാണ് സുനിൽ പി. ഇളയിടം എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.