‘അത് വൈകാരികമായി എടുത്ത തെറ്റായ തീരുമാനം, എല്ലാവരോടും ക്ഷമ ചോദിക്കുന്നു’; അഭിനയം നിർത്തുമെന്ന പ്രഖ്യാപനം തിരുത്തി രവി മോഹൻ

തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് അഭിനയരംഗത്തുനിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയാണെന്ന് പ്രഖ്യാപിച്ച നടൻ രവി മോഹൻ ((ജയം രവി) തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറി. വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ സിനിമകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന മുൻ നിലപാട് തിരുത്തി, താൻ വീണ്ടും കാമറക്ക് മുന്നിലേക്ക് മടങ്ങിയെത്തുകയാണെന്ന് താരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജെ.എഫ്.ഡബ്ല്യു (JFW) അച്ചീവേഴ്‌സ് അവാർഡ് വേദിയിൽ സംസാരിക്കവേയാണ് താരം തന്റെ മടങ്ങിവരവ് പ്രഖ്യാപിച്ചതും ആരാധകരോടും സിനിമാ ലോകത്തോടും മാപ്പ് പറഞ്ഞതും. തീർത്തും വൈകാരികമായ സാഹചര്യത്തിലാണ് താൻ അങ്ങനെയൊരു തീരുമാനമെടുത്തതെന്നും അത് തെറ്റായിരുന്നുവെന്നും താരം തുറന്നുപറഞ്ഞു.

അവാർഡ് ചടങ്ങിൽ വെച്ച് വേദി പങ്കിട്ട ജയം രവി, തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും എടുത്ത തെറ്റായ തീരുമാനത്തെക്കുറിച്ചും ഏറെ വികാരാധീനനായാണ് സംസാരിച്ചത്. ‘എനിക്ക് ഈ വർഷം 46 വയസ്സ് തികയുകയാണ്. എന്റെ ജീവിതത്തിന്റെ പകുതിയോളം കാലം, അതായത് 23 വർഷവും ഞാൻ സിനിമക്കൊപ്പമാണ് ചിലവഴിച്ചത്. എന്റെ ഭാഗത്തുനിന്നുണ്ടായ ഒരു ചെറിയ തെറ്റ് നിങ്ങളെയെയെല്ലാം ഇത്രയധികം വേദനിപ്പിച്ചതിൽ എനിക്ക് വിഷമമുണ്ട്. എന്റെ വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും എനിക്ക് 50-50 ആണ്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ എന്നെ കൂടുതൽ വൈകാരികമായി ബാധിച്ചു’ ജയം രവി പറഞ്ഞു.

താൻ സിനിമ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചപ്പോൾ സിനിമാ മേഖലയിലുള്ളവർ നൽകിയ പിന്തുണയെക്കുറിച്ചും അദ്ദേഹം ഓർത്തു. ‘ഞാൻ കടുത്ത മാനസിക വിഷമത്തിലായിരുന്നു. എന്നാൽ ഇൻഡസ്ട്രിയിലെ എല്ലാവരും എന്നെ വന്ന് കണ്ട് പറഞ്ഞു. നീ എന്ത് പറഞ്ഞാലും ഞങ്ങൾ അംഗീകരിക്കും, പക്ഷേ ഇനി സിനിമയുടെ ഭാഗമാകില്ല എന്ന് മാത്രം പറയരുത്. അവരോടെല്ലാം ഞാൻ ക്ഷമ ചോദിക്കുന്നു’ ജയം രവി കൂട്ടിച്ചേർത്തു. ഇനി തന്റെ ആരാധകരെ ചതിക്കില്ലെന്ന് ഉറപ്പുനൽകിയ താരം, 'പൊന്നിയിൻ സെൽവൻ' ആയോ 'കരാട്ടെ ബാബു' ആയോ താൻ ഉടൻ തന്നെ സ്ക്രീനിലേക്ക് തിരിച്ചെത്തുമെന്നും തനിക്ക് ആത്മവിശ്വാസം നൽകിയ എല്ലാവരോടും നന്ദി പറയുന്നതായും അറിയിച്ചു.

കഴിഞ്ഞ മെയ് മാസത്തിൽ താൻ നടത്തിയ വൈകാരികമായ വാർത്താസമ്മേളനത്തെക്കുറിച്ച് ഓർത്തെടുത്ത താരം, അതിന്റെ ഒരേയൊരു നല്ല വശം അത് സമൂഹത്തിൽ 'മാനസികാരോഗ്യത്തെ' കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു എന്നതാണ് എന്ന് പറഞ്ഞു. താൻ അനുഭവിച്ച അതേ മാനസികാവസ്ഥയിലൂടെ കടന്നുപോയ നിരവധി ആളുകൾ തന്നെ ബന്ധപ്പെട്ടതായും, ഇന്ന് താൻ വേദിയിൽ സന്തോഷത്തോടെ ചിരിച്ചുനിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം ആരാധകരുടെ സ്നേഹവും പിന്തുണയും മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആർതിയുമായുള്ള വേർപിരിയലും, പിന്നാലെ ഗായികയും ഹീലറുമായ കെനിഷ ഫ്രാൻസിസുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള ഗോസിപ്പുകളും കഴിഞ്ഞ കുറച്ചുമാസങ്ങളായി രവിയെ വാർത്തകളിൽ നിറച്ചുനിർത്തിയിരുന്നു. ചില മാസങ്ങൾക്ക് മുൻപ് ജയം രവി നടത്തിയ വാർത്താസമ്മേളനം തെന്നിന്ത്യൻ സിനിമാ ലോകത്തെ നടുക്കുന്നതായിരുന്നു. ‘ഇനി സഹിക്കാൻ വയ്യ, ശാന്തനായ ഒരാൾ ദേഷ്യപ്പെട്ടാൽ കാട് കുലുങ്ങും എന്ന തമിഴ് ചൊല്ല് പോലെയാണ് എന്റെ അവസ്ഥ. എന്നെ പരീക്ഷിക്കാൻ നോക്കുന്നവർക്ക് മുന്നിൽ ഞാൻ ഇനിയൊരു പാവമായിരിക്കില്ല’ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അന്ന് താരം വികാരാധീനനായി പൊട്ടിക്കരഞ്ഞത്.

Tags:    
News Summary - Jayam Ravi Reverses Acting Break

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.