ഇബ്രാഹിം അലി ഖാൻ
സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകൻ ഇബ്രാഹിം അലി ഖാന്റെ ആദ്യ ചിത്രമായിരുന്നു ഈയിടെ പുറത്തിറങ്ങിയ നദാനിയൻ. ചിത്രത്തിന്‍റെ റിലീസിന് ശേഷം ഇബ്രാഹിമിന് ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ തനിക്ക് കുട്ടിക്കാലം മുതൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഇബ്രാഹിം തുറന്നുപറഞ്ഞിരിക്കുകയാണ്. ഇപ്പോഴും അതിന്‍റെ ബുദ്ധിമുട്ടുകൾ ഉണ്ടെന്നും ഇബ്രാഹിം വ്യക്തമാക്കി. ജിക്യുവിന് നൽകിയ അഭിമുഖത്തിൽ, ജനനസമയത്ത് ഉണ്ടായ ഗുരുതരമായ മഞ്ഞപ്പിത്തം തന്റെ സംസാരശേഷിയെയും കേൾവിശക്തിയെയും ബാധിച്ചതായി ഇബ്രാഹിം പങ്കുവെച്ചു.
'ഞാൻ ജനിച്ചയുടനെ, എനിക്ക് ഗുരുതരമായ മഞ്ഞപ്പിത്തം ബാധിച്ചു, അത് നേരിട്ട് എന്റെ തലച്ചോറിലേക്കാണ് പോയത്. പിന്നീട് എനിക്ക് കേൾവിശക്തി വളരെയധികം നഷ്ടപ്പെട്ടു, അത് എന്റെ സംസാരശേഷിയെ ബാധിച്ചു' -ഇബ്രാഹിം പറഞ്ഞു. തന്റെ സംസാരശേഷി മെച്ചപ്പെടുത്തുന്നതിനായി വർഷങ്ങളായി വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്നും അത് ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലം മുതൽ പരിശീലകരുടെയും തെറാപ്പിസ്റ്റുകളുടെയും സഹായം തേടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസാരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും, ഇബ്രാഹിമിനെ ഇംഗ്ലണ്ടിലെ ബോർഡിങ് സ്കൂളിൽ അയക്കാൻ മാതാപിതാക്കൾ മടിച്ചില്ല. തുടക്കത്തിൽ പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും, ഒരു വ്യക്തി എന്ന നിലയിൽ വളരാൻ ആ അനുഭവം തന്നെ വളരെയധികം സഹായിച്ചുവെന്ന് നടൻ സമ്മതിച്ചു. സ്പോർട്സിൽ ശ്രദ്ധിച്ചു. പുതിയ സുഹൃത്തുക്കളെ ലഭിച്ചു, ധാരാളം കാര്യങ്ങൾ പഠിച്ചു, അങ്ങനെ ജീവിതത്തിലെ ഏറ്റവും മികച്ച നാല് വർഷങ്ങളായിരുന്നു അതെന്ന് ഇബ്രാഹിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.