അടുത്തിടെയാണ് പ്രശസ്ത പിന്നണി ഗായകൻ ഉദിത് നാരായണന്റെ മകൻ ആദിത്യ നാരായണൻ തന്റെ സോഷ്യൽ മീഡിയ അകൗണ്ടിലെ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തത്. ജീവിതത്തിൽ പുതിയൊരു തുടക്കമാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ലക്ഷ്യെത്തക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അദ്ദേഹം. തന്റെ ഒരു ജന്മം ഇവിടെ അവസാനിക്കുകയാണെന്നും പുതിയത് ആരംഭിക്കാൻ പോവുകയാണെന്നും ടെലിവിഷൻ അവതാരകൻകൂടിയായ ആദിത്യ പറയുന്നു. കുടുംബത്തിനുവേണ്ടി കൂടുതൽ സമയം ചിലവഴിക്കുന്നതിന് ഒരു ‘ഡിജിറ്റൽ ബ്രേക്’എടുക്കാൻ പോവുകയാണ് താനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘എന്നെ സംബന്ധിച്ച് ഒരു ജന്മം ഇവിടെ അവസാനിക്കുകയാണ്. കഴിഞ്ഞുപോയത് പഴയൊരു ആദിത്യയാണ്. ഇനിവരാൻപോകുന്നത് പുതിയൊരാളാണ്. എന്നെപ്പറ്റിയുള്ള പൊതുചിത്രം ഒരു ടി.വി ഷോ അവതാരകൻ എന്നതായിരുന്നു. അതും അവസാനിപ്പിക്കാറായെന്ന് തോന്നുന്നു’-അദ്ദേഹം പറഞ്ഞു.
ടി.വി ഷോകൾ ചെയ്യാൻ കാരണം പണം സമ്പാദിക്കുക എന്നതായിരുന്നു. അങ്ങനെ ആ പണം എന്റെ ലേബലിൽ കല നിർമ്മിക്കാൻ ഉപയോഗിക്കാമെന്നായിരുന്നു ചിന്ത. ‘ഞങ്ങളുടെ പ്രേക്ഷകർ എണ്ണത്തിൽ കൂടുതലാണ്. ആ പ്രേക്ഷകരിലേക്ക് എത്താൻ നിങ്ങളുടെ പക്കൽ ഒരു തന്ത്രം ഉണ്ടായിരിക്കണം. അതിനും പണം വേണം. ആഗ്രഹിക്കുന്ന തരത്തിലുള്ള സംഗീതം സൃഷ്ടിക്കുന്നതിന് ആരെയും ആശ്രയിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ഞാൻ അതിൽ സന്തോഷവാനാണ്. പക്ഷേ, ഈ ഘട്ടത്തിലെത്താൻ, എന്റെ മൂന്ന് ആൽബങ്ങൾക്ക് ഫണ്ട് നൽകാനും നിർമ്മാണം മുതൽ മാർക്കറ്റിങ് വരെ എല്ലാം ചെയ്യാനും എനിക്ക് 34 വർഷമെടുത്തു’-മുതിർന്ന ഗായകൻ ഉദിത് നാരായന്റെ മകൻ പറഞ്ഞു.
സ്വന്തം പണം സമ്പാദിക്കാനുള്ള മറ്റൊരു കാരണം സംഗീത വ്യവസായം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആദ്യകാല തിരിച്ചറിവാണ്. ആരുടെ മുന്നിലും പണത്തിനായി കൈനീട്ടാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. പ്രശസ്തനായ ഒരു സംഗീജ്ഞന്റെ മകനായി ജനിച്ചതിനാൽ പണം എനിക്ക് ഒരു പ്രശ്‌നമായിരുന്നില്ല. എന്നാൽ തന്റെ പിതാവിന്റെ ജീവിത പോരാട്ടങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും അതിൽനിന്ന് ഓരോ വ്യക്തിയും കഠിനാധ്വാനത്തിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്കായി ഒരു ഇടം കണ്ടെത്തുകയും സ്വന്തം പണം സമ്പാദിക്കുകയും ചെയ്യണമെന്ന പാഠം പഠിച്ചുവെന്നും ആദിത്യ പറയുന്നു.
‘അച്ഛൻ ഇൻഡസ്ട്രിയിൽ അംഗീകാരം കിട്ടിത്തുടങ്ങിയ സമയത്താണ് ഞാൻ ജനിച്ചത്. അതുകൊണ്ട് എന്റെ ചെറുപ്പംമുതൽ വിജയങ്ങൾക്കൊപ്പം പ്രയാസങ്ങളും ഞാൻ കണ്ടിരുന്നു. ഒരു ബിഎച്ച്‌കെ ഫ്ലാറ്റിലാണ് ഞാൻ വളർന്നത്. സ്വീകരണമുറിയിൽ ഒരു സോഫ ഉണ്ടായിരുന്നു. ഏഴു വർഷം ഞാൻ അതിൽ ഉറങ്ങി’
താൻ എത്ര പരിശ്രമിച്ചാലും അത് തന്റെ പിതാവ് അനുഭവിച്ച ബുദ്ധിമുട്ടുകളുടെ അടുത്തെങ്ങും എത്തുകയില്ലെന്ന് തനിക്ക് അറിയാമെന്നും ആദിത്യ പറയുന്നു. “അതുകൊണ്ടാണ് ഞാൻ കഠിനാധ്വാനത്തിനും പണത്തിനും പ്രാധാന്യം നൽകുന്നത്. അത് നമ്മുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് ഞാൻ കണ്ടു. അച്ഛന്റെ പണം എന്റെ സ്വന്തമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല. അദ്ദേഹം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്തിനാണ് ഞാൻ അതിനെ പൂർണ്ണമായും ആശ്രയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്’-ആദിത്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.