മമ്മൂട്ടി

‘ഡോക്ടറാകണമെന്നാണ് അച്ഛൻ ആഗ്രഹിച്ചത്, പക്ഷേ ഞാൻ വക്കീലായി, ഒടുവിൽ നടനും; അഭിനയത്തിന് വേണ്ടിയാണ് ഞാൻ ജനിച്ചതെന്ന് അന്ന് മനസ്സിലായി’-മമ്മൂട്ടി

സിനിമയുമായി ഒരു ബന്ധവുമില്ലാത്ത പശ്ചാത്തലത്തിൽ നിന്ന് വന്ന്, ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ അഭിനയശക്തിയായി മാറിയ മമ്മൂട്ടിയുടെ യാത്ര, സിനിമയെ സ്നേഹിക്കുന്ന ഏതൊരാൾക്കും പ്രചോദനമാണ്. 400ലധികം ചിത്രങ്ങളിൽ അഭിനയിച്ച മമ്മൂട്ടി മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. അടുത്തിടെ പത്മഭൂഷൺ ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി.

1971ൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി കാമറക്ക് മുന്നിലെത്തുന്നത്. എന്നാൽ 1980ൽ പുറത്തിറങ്ങിയ എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതിയ 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ പേര് ആദ്യമായി സ്ക്രീനിൽ തെളിയുന്നത്. വാസ്തവത്തിൽ മമ്മൂട്ടിയുടെ ആദ്യ ചിത്രമായി തീരുമാനിച്ചിരുന്നത് 'ദേവലോകം' എന്ന സിനിമയായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ആ ചിത്രം പൂർത്തിയാക്കാൻ സാധിച്ചില്ല.

ആ തളർച്ചയിൽ നിന്ന് മമ്മൂട്ടിയെ കൈപിടിച്ചുയർത്തിയത് എം.ടിയാണ്. 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം നൽകി മമ്മൂട്ടിയിലെ നടനെ എം.ടി പുറത്തുകൊണ്ടുവന്നു. പിന്നീട് കെ.ജി. ജോർജിന്റെ 'മേള' (1980) എന്ന ചിത്രത്തിലൂടെ മമ്മൂട്ടി തന്റെ സ്ഥാനം ഉറപ്പിച്ചു. പത്മഭൂഷൺ പുരസ്കാരത്തിന് ശേഷം ഓൾ ഇന്ത്യ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കഷ്ടപ്പാടുകൾ മമ്മൂട്ടി പങ്കുവെച്ചിരുന്നു.

‘അച്ഛൻ ഞാൻ ഡോക്ടറാകണമെന്നാണ് ആഗ്രഹിച്ചത്. പക്ഷേ ഞാൻ വക്കീലായി, ഒടുവിൽ നടനുമായി. ആദ്യമായി വെള്ളിത്തിരയിൽ എന്നെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഞാൻ ജനിച്ചത് ഇതിനുവേണ്ടിയാണെന്ന്. പിന്നീട് അവസരങ്ങൾക്കായി ഞാൻ ഓടി നടന്നു. ചെറിയ വേഷങ്ങൾ ചെയ്തു. വക്കീലായി ജോലി ചെയ്യുന്നതിനിടയിലാണ് ഞാൻ അഭിനയം തുടർന്നുപോന്നത്’ മമ്മൂട്ടി പറഞ്ഞു.

‘അക്കാലത്ത് എന്നെ കാണുന്ന സംവിധായകരൊക്കെ എന്റെ അഭിനയത്തിൽ എന്തെങ്കിലും കുറ്റങ്ങൾ കണ്ടെത്തിയിരുന്നു. ഒരുപാട് സങ്കടകരമായ നിമിഷങ്ങൾ ഉണ്ടായിരുന്നു. എന്നാൽ എം.ടി എന്നെ വിശ്വസിച്ചു. പിന്നീട് ഞാൻ സിനിമാ സാങ്കേതിക വിദ്യകൾ പഠിക്കാൻ തുടങ്ങി. ഒരു നടനാകാൻ എനിക്ക് സമയമെടുത്തു.

ഒരു 'സമ്പൂർണ്ണ നടൻ' ആകാൻ വർഷങ്ങൾ തന്നെ വേണ്ടിവന്നു. ഇന്ന് എന്നെ വെല്ലുവിളിക്കാൻ ഒരു കഥാപാത്രത്തിനും സാധിക്കില്ല, കാരണം അത്രയേറെ ആത്മാർത്ഥതയും അർപ്പണബോധവും ഞാൻ എന്റെ കലയോട് കാണിക്കുന്നുണ്ട്’ മമ്മൂട്ടി പറഞ്ഞു. പുതിയ സംവിധായകർക്കും പുതുമുഖങ്ങൾക്കും അവസരം നൽകുന്നതിൽ മമ്മൂട്ടി എന്നും മുമ്പന്തിയിലാണ്.

‘യുവതലമുറക്ക് എന്നെ വെച്ച് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആ അവസരം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല’ എന്ന് മമ്മൂട്ടി എപ്പോഴും പറയുന്ന കാര്യങ്ങളാണ്. അടുത്തിടെ മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'പാട്രിയറ്റ്' എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഒടുവിലായി വേഷമിട്ടത്. 17 വർഷങ്ങൾക്ക് ശേഷം മോഹൻലാലിനൊപ്പം അദ്ദേഹം പ്രധാന വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

Tags:    
News Summary - From Lawyer to Legend: Mammootty’s Inspiring Journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.