സനം ഷെട്ടി

സി.ജെ.പി പ്രതിഷേധത്തിനിടെ വിജയ് ചിത്രം പരാമർശിച്ചു; മൈക്ക് പിടിച്ചെടുത്ത് നടി സനം ഷെട്ടിയെ വേദിയിൽ നിന്ന് ഇറക്കിവിട്ട് വിദ്യാർഥികൾ

നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചെന്നൈയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ വൻ നാടകീയ രംഗങ്ങൾ. ചെന്നൈ ടി. നഗറിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസിൽ വെച്ച് നടന്ന സംഘാടനത്തിനിടെയാണ് സംഭവം. പ്രമുഖ നടിയും മോഡലുമായ സനം ഷെട്ടിയുടെ പ്രസംഗം വേദിയിലുണ്ടായിരുന്ന വിദ്യാർഥികൾ തടയുകയും, കൈയിൽ നിന്ന് മൈക്ക് ബലമായി പിടിച്ചെടുത്ത ശേഷം അവരെ വേദിയിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു.

മുഖ്യമന്ത്രി വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രം കണ്ടശേഷമാണ് താൻ പ്രതിഷേധത്തിനെത്തിയതെന്ന സനം ഷെട്ടിയുടെ പ്രസ്താവനയാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്. നീറ്റ് പരീക്ഷാ വിവാദത്തിൽ പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചാണ് സനം ഷെട്ടി ചെന്നൈ ടി. നഗറിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസിൽ സംഘടിപ്പിച്ച വിദ്യാർഥി ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുന്നത്. വേദിയിൽ സംസാരിക്കവെ, വിദ്യാർഥികൾക്ക് പിന്തുണ നൽകാനാണ് താൻ ഇവിടെയെത്തിയതെന്നും ഈ പ്രതിഷേധ വേദിയെ സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നവരാണ് യഥാർത്ഥ കോമാളികൾ എന്നും സനം അഭിപ്രായപ്പെട്ടു.

‘ഞാൻ ദളപതി വിജയിയുടെ കടുത്ത ആരാധികയാണ്. ഇന്നലെയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'ജനനായകൻ' ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടത്. അത് കണ്ടതിന് തൊട്ടുപിന്നാലെയാണ് ഞാൻ വിദ്യാർഥികൾക്ക് പിന്തുണയുമായി ഈ വേദിയിലേക്ക് എത്തിയത്‘ എന്ന സനത്തിന്‍റെ വാക്കുകളാണ് വിദ്യാർഥികളെ ചൊടിപ്പിച്ചത്.

സനം ഷെട്ടിയുടെ ഈ പരാമർശം വന്ന് തൊട്ടുപിന്നാലെ വേദിയിലുണ്ടായിരുന്ന വിദ്യാർഥികളും പ്രതിഷേധക്കാരും ശക്തമായ എതിർപ്പുമായി രംഗത്തെത്തി. വിദ്യാർഥികളുടെ ഭാവി നിശ്ചയിക്കുന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ച എന്ന ഗുരുതരമായ വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധ വേദിയിൽ, പുതിയ സിനിമയെക്കുറിച്ചും വിജയ് ആരാധനയെക്കുറിച്ചും സംസാരിക്കുന്നത് തികച്ചും അനാവശ്യവും വിഷയവിരുദ്ധവുമാണെന്ന് ആരോപിച്ചുകൊണ്ട് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.

വിദ്യാർഥികളുടെ എതിർപ്പ് ശക്തമായപ്പോഴും വേദിയിൽ നിന്ന് പിന്മാറാൻ സനം ഷെട്ടി തയാറായില്ല. തനിക്ക് സംസാരിക്കാൻ പൂർണ്ണ അവകാശമുണ്ടെന്നും ഇത് ജനാധിപത്യ രാജ്യമാണെന്നും അവർ ഉറക്കെ വിളിച്ച് പറഞ്ഞു. താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായല്ല, മറിച്ച് വിദ്യാർഥികൾ സ്വതന്ത്രമായി സംഘടിപ്പിച്ച സമരത്തിന് പിന്തുണ പ്രഖ്യാപിക്കാനാണ് എത്തിയതെന്നും അവർ വാദിച്ചു.

എന്നാൽ സ്ഥിതിഗതികൾ കൂടുതൽ വഷളായതോടെ വിദ്യാർഥി സംഘടനാ പ്രതിനിധികൾ വേദിയിലെത്തുകയും പ്രസംഗം അടിയന്തരമായി അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിൽ വേദിയിലുണ്ടായിരുന്ന ഒരാൾ സനം ഷെട്ടിയുടെ കൈയിൽ നിന്ന് ബലമായി മൈക്ക് പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് നടിയെ വേദിയിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു.

വേദിയിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി സനം ഷെട്ടി രംഗത്തെത്തി. തന്നോട് മോശമായി പെരുമാറുകയും വേദിയിൽ നിന്ന് ഇറക്കിവിടുകയും ചെയ്തവർ ഭരണകക്ഷിയായ 'ഡി.എം.കെ.യുടെ അടിമകൾ' ആണെന്നാണ് സനം പിന്നീട് മാധ്യമങ്ങളോട് ആരോപിച്ചത്.

നാടകീയ സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർഥികളുടെ ഗൗരവമേറിയ പ്രതിഷേധ വേദിയെ സിനിമാ പ്രചാരണത്തിന് ഉപയോഗിച്ചതിനെ ഒരു വിഭാഗം വിമർശിക്കുമ്പോൾ, പ്രസംഗ സ്വാതന്ത്ര്യത്തെയും ഒരു സ്ത്രീയോടുള്ള പെരുമാറ്റത്തെയും ചോദ്യം ചെയ്ത് മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Sanam Shetty Forced Off Stage at NEET Protest Over Thalapathy Vijay Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.