ലഹരി കേസ്: 4000 പേരിൽ അറസ്റ്റിലായത് ഒരു സിനിമക്കാരന്‍ മാത്രം -ദിലീഷ് പോത്തൻ

മയക്കുമരുന്ന് ഉപയോഗം ആര് നടത്തിയാലും തെറ്റാണെന്നും സിനിമാ മേഖലയിൽ നിന്നുള്ള ആരെങ്കിലും ഉൾപ്പെട്ടാലും അത് ന്യായീകരിക്കാനാവില്ലെന്നും നടനും സംവിധായകനുമായ ദിലീഷ് പോത്തൻ പറയുന്നു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മേക്കപ്പ് ആർട്ടിസ്റ്റിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് ദിലീഷ് പോത്തൻ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ 4,000-ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരിൽ എത്ര പേർ സിനിമാ മേഖലയിൽ നിന്നുള്ളവരാണ്? ദിലീഷ് പോത്തൻ ചോദിക്കുന്നു. സിനിമാ മേഖലയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തികൾ ഉണ്ടാകാമെങ്കിലും സിനിമയിലെ എല്ലാവരും മയക്കുമരുന്ന് ഉപയോഗത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നത് അന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ലഹരി ആര് ഉപയോഗിച്ചാലും തെറ്റാണ്. പക്ഷെ 4000 പേർ അറസ്റ്റിലായതിൽ ഒരു സിനിമാക്കാരനേ ഉള്ളു. ഡോക്ടർമാരും ബിസിനസുകാരും ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകളും മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ട്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റായി തുടരുന്നു. അത് ന്യായീകരണം അർഹിക്കുന്നില്ല. സിനിമ സമൂഹത്തിന്റെ ഭാഗമാണ്. ഈ സമൂഹത്തില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ സിനിമയിലും ഉണ്ടാകും. എങ്കിലും സിനിമയില്‍ ക്രമാതീതമായ രീതിയില്‍ ലഹരി ഉപയോഗം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല'. ദിലീഷ് പോത്തൻ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചതിന് മേക്കപ്പ്മാന്‍ രഞ്ജിത്ത് ഗോപിനാഥ് അറസ്റ്റിലായത്. മൂലമറ്റം എക്സൈസാണ് മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥനെ പിടികൂടിയത്. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളില്‍ രഞ്ജിത്ത് മേക്കപ്പ്മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 45 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തത്.

Tags:    
News Summary - Dileesh Pothan on drug use in cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.