മുംബൈ: ബോളിവുഡിലെ ഏറ്റവും ജനപ്രിയ താരങ്ങളിലൊരാളാണ് ആമിർ ഖാൻ. ബ്ലോക്ക്ബസ്റ്റർ സിനിമകൾക്കും പെർഫെക്ഷനിസ്റ്റ് ഇമേജിനും പേരുകേട്ട അദ്ദേഹം അടുത്തിടെ ലോകേഷ് കനകരാജിന്‍റെ കൂലി എന്ന ചിത്രത്തിലൂടെ ദക്ഷിണേന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. രജനീകാന്ത് നായകനായ ചിത്രത്തിൽ ഒരു അതിഥി വേഷമായിരുന്നു ആമിറിന്‍റേത്. രജനീകാന്തിനോടുള്ള ബഹുമാനം കൊണ്ടാണ് താൻ ആ വേഷം സ്വീകരിച്ചതെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ ആമിർ പറഞ്ഞിരുന്നു.
ഇപ്പോൾ, കൂലിയിലെ തന്‍റെ വേഷം വലിയ തെറ്റ് ആയിരുന്നു എന്ന ആമിർ പറയുന്ന തരത്തിലുള്ള ഒരു പത്രവാർത്ത സമൂഹമാധ്യമത്തിൽ വൈറലാകുന്നുണ്ട്. 'രജനി സാബിന്റെ അതിഥി വേഷം ഞാൻ സ്വീകരിച്ചു. സത്യം പറഞ്ഞാൽ, എന്റെ കഥാപാത്രം എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഞാൻ വെറുതെ കയറി, ഒന്നോ രണ്ടോ വരികൾ പറഞ്ഞ് അപ്രത്യക്ഷനായതുപോലെ തോന്നി. അതിന് പിന്നിൽ യഥാർഥ ലക്ഷ്യമോ ചിന്തയോ ഉണ്ടായിരുന്നില്ല. അത് മോശമായി എഴുതിയതാണ് -എന്ന് പത്രവാർത്തയിൽ പറയുന്നു.
ചിത്രത്തിന്റെ സൃഷ്ടിപരമായ പ്രക്രിയയിൽ താൻ ഭാഗമല്ലെന്നും രജനീകാന്ത് കാരണം മാത്രമാണ് വേഷം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞതായി വാർത്തയിൽ പറയുന്നു. പക്ഷെ ഇത് വ്യാജവാർത്തയാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പ്രചരിക്കുന്ന പത്ര വാർത്തയിൽ തീയതിയോ ബൈലൈനോ ഇല്ല. കൂടാതെ ആമിർ ഒരിക്കലും ഇത്തരം പരാമർശങ്ങൾ നടത്തിയെന്ന് വിശ്വസനീയമായ ഒരു ഉറവിടവും സ്ഥിരീകരിക്കുന്നില്ല. പ്രമോഷനുകൾക്കിടയിൽ, ആമിർ അതിഥി വേഷത്തെ 'ഒരുപാട് രസകരം' എന്ന് വിശേഷിപ്പിച്ചതായി റിപ്പോർട്ടുകൾ എടുത്തുകാണിക്കുന്നുമുണ്ട്.
അദ്ദേഹത്തിന്റെ ടീം ഇതുവരെ ഒരു വിശദീകരണവും നൽകിയിട്ടില്ല. അതേസമയം, കൂലി ഇന്ത്യയിൽ നിന്ന് ഏകദേശം 336 കോടി രൂപ കലക്ഷൻ നേടി. തമിഴ്‌നാട്ടിൽ നിന്ന് ഏകദേശം 150 കോടി രൂപയും. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി 70 കോടിയും കർണാടകയിൽ നിന്ന് 45 കോടി രൂപയും കേരളത്തിൽ നിന്ന് 25 കോടി രൂപയും നേടി. സമ്മിശ്ര അവലോകനങ്ങൾക്കിടയിലും ചിത്രത്തിന്റെ ആഗോള കലക്ഷൻ 500 കോടി കടന്നു.
ലോകേഷ് കനകരാജുമായി രജനീകാന്ത് ആദ്യമായി ഒന്നിച്ച ചിത്രമാണ് കൂലി. ട്രേഡ് ട്രാക്കിങ് വെബ്‌സൈറ്റുകൾ പ്രകാരം, വെറും രണ്ടാഴ്ചക്കുള്ളിലാണ് കൂലി ആഗോള ബോക്‌സ് ഓഫിസിൽ 468 കോടി രൂപ നേടിയത്. ചിത്രത്തിൽ രജനീകാന്തിനും ആമിറിനും പുറമേ, നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.