നിലപാടുകളുടെ പേരിൽ രാജ്യത്തെ അധികാരി വർഗത്തിന്‍റെ കണ്ണിലെ കരടായി മാറിയ നടിയാണ് ദീപിക പദുക്കോൺ. ഡൽഹി ജെ.എൻ.യുവിൽ സംഘപരിവാർ സംഘടനകൾ വിദ്യാർഥികളെ ആക്രമിച്ച നാളുകളിൽ സമരപ്പന്തലിൽ നേരിട്ടെത്തി ദീപിക നിലയുറപ്പിച്ചത് ഏതാനും മിനുട്ടുകൾ മാത്രമായിരുന്നു. എന്നാൽ ആ നിൽപ്പ് കാവിപ്പടയെ അസ്വസ്ഥതപ്പെടുത്തിയത് കുറച്ചൊന്നുമല്ല. തുടർന്നിങ്ങോട്ട് ദീപികയെ ബഹിഷ്കരിക്കാനും സിനിമകൾ വിവാദത്തിൽ കുരുക്കാനും ബി.ജെ.പി ഐ.ടി സെൽ നിരന്തര പരിശ്രമത്തിലാണ്. ബിക്കിനി വിവാദം മുതൽ അവസാനം അവതരിപ്പിച്ച കാമുകന്മരുടെ എണ്ണത്തെച്ചൊല്ലിയുള്ള പരിഹാസങ്ങൾവരെ ഇത്തരത്തിലുള്ളതാണ്. ഈ പശ്ചാത്തലത്തിൽ വോഗ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മേഡലിങും സിനിമയും മുതൽ വ്യക്തിജീവിതത്തിലെ വിഷാദ രോഗവുംവരെയുള്ള ചോദ്യങ്ങളോട് ദീപിക പ്രതികരിച്ചത് വൈറലായിട്ടുണ്ട്..
2007ൽ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ഫറാ ഖാന്റെ ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിലൂടെയാണ് ദീപിക പദുക്കോൺ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അവിടന്നുതുടങ്ങി നിരവധി ആഗോള ബ്രാൻഡുകളുടെ മുഖങ്ങളായിവരെ ദീപിക തന്‍റെ കരിയറിനെ ഉയർത്തിയിട്ടുണ്ട്. ഓസ്കാർ അവതാരക, ടൈം മാഗസിൻ കവർ ഗേൾ, ഫിഫ ലോകകപ്പ് ട്രോഫി അനാച്ഛാദക, ലൂയിസ് വിറ്റൺ, കാർട്ടിയർ പോലുള്ള ബ്രാൻഡുകളുടെ അംബാസഡർ എന്നിങ്ങനെ തിളങ്ങുകയാണ് ദീപിക ഇന്ന്. നിലവിൽ നിരവധി ബ്ലോക്ബസ്റ്ററുകളുടെ ഭാഗമായ, രാജ്യത്തെ ഏറ്റവും വിലയുള്ള നടികൂടിയാണ് ദീപിക.
അവസാന വിവാദം
ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥികള്‍ നടി ദീപിക പദുക്കോണിനെ പരിഹസിച്ച് ചെയ്ത നാടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദീപികയുടെ മുന്‍ കാമുകന്മാരെന്ന് പറഞ്ഞ് പല പ്രമുഖരുടെ പ്രച്ഛന്നവേഷം കെട്ടി വേദിയില്‍ യുവാക്കള്‍ അണിനിരക്കുന്നതും അത് കേട്ട് സദസില്‍ ഇരിക്കുന്നവര്‍ ആര്‍പ്പ് വിളിക്കുന്നതുമാണ് വിഡിയോയില്‍ ഉള്ളത്.
‘കോഫി വിത്ത് കരണ്‍’ എന്ന ടി.വി ഷോയിലെ ദീപികയുടെ പരാമര്‍ശം മുന്നില്‍ വെച്ചുകൊണ്ടാണ് ഇവര്‍ നാടകം അവതരിപ്പിച്ചത്. വ്യക്തിജീവിതത്തിലെ ഒരു ഘട്ടത്തെ പറ്റിയാണ് ഷോയില്‍ ദീപിക പറഞ്ഞത്. ‘മറ്റൊരു ബന്ധത്തിന്റെ പേരില്‍ തകര്‍ന്ന് നില്‍ക്കുകയായിരുന്നു. ആരുമായും വൈകാരികമായി അടുക്കരുത് എന്ന് വിചാരിച്ചിരുന്നു. രണ്‍വീര്‍ പ്രൊപ്പോസ് ചെയ്യുന്നത് വരെ അതൊരു കമ്മിറ്റഡ് റിലേഷന്‍ അല്ലായിരുന്നു. മറ്റ് ആളുകളെ കാണുമ്പോഴും മനസില്‍ ഞാന്‍ രണ്‍വീറിനോട് കമ്മിറ്റഡായിരുന്നു,’ എന്നാണ് ദീപിക പറഞ്ഞത്. ഇതാണ് പുതിയ പരിഹാസങ്ങൾക്ക് കാരണം. പെയ്ഡ് ഹിന്ദുത്വ ഹാൻഡിലുകളാണ് ദീപികക്കെതിരായി വലിയ പ്രചരണ കോലാഹലങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.
രാജ്യം വിടുമോ?
ഇന്ത്യയ്ക്ക് പുറത്ത് പുതിയ അവസരങ്ങൾ തേടുന്നതിന് വിദേശത്തേക്ക് താമസം മാറ്റാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് അഭിമുഖത്തിൽ അവർ നൽകിയ മറുപടി ഇല്ല എന്നായിരുന്നു. ‘ആഗോളതലത്തിൽ സ്വാധീനം ചെലുത്താൻ ഞാൻ എന്തിനാണ് ബാഗും ബാഗേജുമായി ഇറങ്ങേണ്ടത്? എന്റെ മോഡലിങ് ജീവിതത്തിന്റെ തുടക്കത്തിൽ, എനിക്ക് വിദേശത്തേക്ക് പോകാനുള്ള ഓഫറുകൾ ഉണ്ടായിരുന്നു. ഇന്ത്യയിലെ എല്ലാ ഫാഷൻ ഗുരുക്കന്മാരും പറഞ്ഞു, നിങ്ങൾ ഇവിടെ നിൽക്കരുത്. നിങ്ങൾ പാരീസിലോ ന്യൂയോർക്കിലോ മിലാനിലോ പോകേണ്ടവരാണ്. ഇല്ല, ആ സ്ഥലങ്ങൾ എന്റെ വീടല്ല, ഇന്ത്യയാണ് എന്‍റെ വീട്’-ദീപിക പറയുന്നു.
‘എനിക്ക് 2014ൽ വിഷാദരോഗം ഉണ്ടെന്ന് കണ്ടെത്തി. ഞാനൊരു വർക്ക്ഹോളിക്കാണ്. മാനസികാരോഗ്യം പരിപാലിക്കുന്നതിനുകൂടിയാണ് ഞാൻ തുടർച്ചയായി ജോലി ചെയ്യുന്നത്. ദൈനംദിന ജോലിയുടെ ഒരു വെല്ലുവിളി ബാലൻസ് കണ്ടെത്തുക എന്നതാണ്. ആ ബാലൻസ് ഞാൻ കണ്ടെത്തിയിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ തിരക്കുകളുടെ ലോകത്താണ്. രണ്ടുദിവസം അവധിയും. മനോഹരമായ ഒരു ഘട്ടത്തിലാണ് ഞാനിപ്പോൾ’-ദീപിക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.