ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ജനുവരി ഒമ്പതിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ രേഖാചിത്രത്തിലെ ഏറെ ചർച്ചയായ 'പ്രിയപ്പെട്ട രേഖ പത്രോസിന് സ്നേഹപൂർവ്വം മമ്മൂട്ടി ചേട്ടൻ' എന്ന ഡയലോഗിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് നടൻ ആസിഫ് അലി. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'രേഖാചിത്രത്തിൽ ആദ്യം ഡബ്ബ് ചെയ്തത് പ്രിയപ്പെട്ട രേഖ പത്രോസിന് സ്നേഹപൂർവ്വം മമ്മൂട്ടി എന്നായിരുന്നു. മമ്മൂട്ടി എന്നതിൽ നിന്ന് മമ്മൂട്ടി ചേട്ടൻ എന്ന് ആ ഡയലോഗ് മാറ്റി പറയണമെന്നത് മമ്മൂക്കയുടെ തീരുമാനമായിരുന്നു. മമ്മൂക്ക ഒരു ഇന്റർനാഷ്ണൽ യാത്ര പോകുന്നതിന്റെ തലേ ദിവസം രാത്രിയിലാണ് സംവിധായകൻ ജോഫിന് മെസേജ് അയച്ച് വെളുപ്പിന് ആറ് മണിക്ക് ഡബ്ബിങ് കറക്ഷൻ ഉണ്ട് വരണം എന്നു പറഞ്ഞത്. അദ്ദേഹം ഗസ്റ്റ് അപ്പിയറൻസിൽ അഭിനയിച്ച ഒരു പടത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് നമ്മൾ ആലോചിക്കണം. യാത്രപോകുന്ന ദിവസം രാവിലെ അദ്ദേഹം അഞ്ചര മണിക്ക് എത്തി ആറ് മണിക്ക് ഡബ്ബ് ചെയ്ത് ഏഴുമണിക്ക് എയർപോർട്ടിലേക്ക് പോയി. ആ കമ്മിറ്റ്മെന്റ് നമ്മൾ ആലോചിക്കണം. അദ്ദേഹത്തിന് ആ സിനിമയോടുള്ള പാഷനാണ് അത്. ഈ സിനിമ കഴിഞ്ഞിട്ട് അദ്ദേഹത്തിനെ കാണുമ്പോൾ എനിക്കുള്ള എക്സൈറ്റ്മെന്റ് ഇതൊക്കെയായിരുന്നു', ആസിഫ് അലി പറഞ്ഞു.
മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം.മിസ്റ്ററി ത്രില്ലർ ജോണറിൽ കഥ പറയുന്ന ചിത്രത്തിൽ ആസിഫ് അലിക്കൊപ്പം അനശ്വര രാജനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്,സെറിൻ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.