സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന കാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് കാന്‍സര്‍ അഥവാ സ്തനാര്‍ബുദം. ആകെയുള്ള ബ്രെസ്റ്റ് കാന്‍സറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാല്‍ പാരമ്പര്യമായി സംഭവിക്കുന്നു. കാന്‍സറിനെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ മാസം കാന്‍സര്‍ മാസമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡ്, ടെലിവിഷൻ രംഗത്തെ മുതിർന്ന നടി അരുണ ഇറാനി തന്‍റെ കാൻസർ അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ്.
സ്തനാർബുദത്തിനെതിരെ ഒന്നല്ല, രണ്ടുതവണ പോരാടിയതായി നടി അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. രോഗനിർണയം സ്വകാര്യമായി സൂക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ സിനിമയിലും ടെലിവിഷനിലും കരിയർ തുടരുന്നതിനിടയിൽ, കാൻസർ വീണ്ടും പിടിപെട്ടതും പ്രമേഹ രോഗനിർണയവും ഉൾപ്പെടെ താൻ നേരിട്ട ആരോഗ്യ വെല്ലുവിളികളെക്കുറിച്ച് താരം പങ്കുവെച്ചു. 2015 ലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി. മുഴ ചെറുതാണെന്ന് ഡോക്ടർമാർ ആദ്യം ഉറപ്പുനൽകിയെങ്കിലും, കീമോതെറാപ്പിക്ക് പകരം ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്യണമെന്ന് അവർ നിർബന്ധിച്ചു.
മരുന്നുകൾ ഒരുപാട് കഴിച്ചു. 2020 ൽ സ്തനാർബുദം വീണ്ടും വന്നു. എന്നിരുന്നാലും, ഇത്തവണ കീമോ ചെയ്തു. ആദ്യം കീമോ തെറാപ്പി എടുക്കാതിരുന്നത് എന്റെ തെറ്റാണ് അരുണ പറഞ്ഞു. കൂടാതെ 60-ാം വയസിൽ പ്രമേഹവും കണ്ടെത്തി. വൃക്ക തകരാറിലാകാനുള്ള സാധ്യതയെക്കുറിച്ച് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിരുന്നാലും, ഞാൻ ശക്തമായി പോരാടി. സുഖം പ്രാപിക്കുന്നതിനായി സ്വയം സമർപ്പിച്ചു. പ്രതീക്ഷയുള്ള മാനസികാവസ്ഥ നിലനിർത്തി. അത് എന്നെ എന്തും നേരിടാൻ പ്രാപ്തയാക്കി അരുണ പറഞ്ഞു.
ബോളിവുഡ് ചലച്ചിത്ര മേഖലയിലെ നടിയും നർത്തകിയുമാണ് അരുണ ഇറാനി ഏകദേശം 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഗംഗാ ജുംന (1961), അൻപദ് (1962) തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച അരുണയുടെ അഭിനയ ജീവിതം ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്നു. ഔലാദ് (1968), ഹംജോലി (1970), ദേവി (1970), നയാ സമാന (1971) തുടങ്ങിയ ചിത്രങ്ങളിലൂടെ അവർ ക്രമേണ മുതിർന്നവരുടെ വേഷങ്ങളിലേക്ക് മാറി. മെഹന്ദി തേരെ നാം കി, ദേസ് മേ നിക്കല്ല ഹോഗാ ചന്ദ് തുടങ്ങിയ ജനപ്രിയ ഷോകൾക്ക് നേതൃത്വം നൽകി അരുണ ഇറാനി സംവിധാനത്തിലേക്കും നിർമാണത്തിലേക്കും കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.