മികച്ച കഥാപാത്രങ്ങളിലൂടെയും അഭിനയമുഹൂർത്തങ്ങളിലൂടെയും ശ്രദ്ധേയനായ ബോളിവുഡ് നടനാണ് അഭിഷേക് ബച്ചൻ. എന്നാൽ നെപ്പോട്ടിസത്തിന്‍റെ പേരിൽ പലപ്പോഴും അഭിഷേക് വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ അത്തരം ട്രോളുകൾക്ക് മറുപടിയുമായി പിതാവ് അമിതാഭ് ബച്ചൻ എത്തിയിരിക്കുകയാണ്.
'നെപ്പോട്ടിസം വിവാദങ്ങളിൽ അഭിഷേക് ബച്ചനെ അനാവശ്യമായി വലിച്ചിടുകയാണ്. ഞാൻ അവന്‍റെ പിതാവായത് കൊണ്ട് പറയുന്നതല്ല, അദ്ദേഹത്തിന്‍റെ ഫിലിമോഗ്രാഫിയിൽ നല്ല സിനിമകളുടെ എണ്ണം വളരെ കൂടുതലാണ്'. അമിതാഭ് എക്സിൽ കുറിച്ചു. നിരവധി പേരാണ് ഇതിനുതാഴെ പ്രതികരണവുമായി വന്നത്.
'റഫ്യൂജി'യാണ് അഭിഷേക് ബച്ചന്‍റെ അരങ്ങേറ്റ ചിത്രം. പിന്നീട് അഭിഷേകിന്‍റെ ഗുരു, ധൂം, യുവ, ബണ്ടി ഓർ ബബ്ലി, സർക്കാർ, സർക്കാർ രാജ്, ഡൽഹി-6 തുടങ്ങി നിരവധി ചിത്രങ്ങൾ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. സിനിമ ജീവിതം മാത്രമല്ല അഭിഷേകിന്‍റെ വ്യക്തിജീവിതവും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന 'ബി ഹാപ്പി'യാണ് ഇനി പുറത്തിറങ്ങാനുള്ള അഭിഷേകിന്‍റെ സിനിമ. സൽമാൻ ഖാൻ, ലിസെല്ലെ ഡിസൂസ, ഇമ്രാൻ മൻസൂർ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം മാർച്ച് 14 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീം ചെയ്യും. നാസർ, നോറ ഫത്തേഹി, ജോണി ലെവർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.