എന്റെ കണ്ണീരിന് അവർ നഷ്ടപരിഹാരം തരണം, എന്റെ ആരോഗ്യം നശിപ്പിച്ചു ; അൽഫോൺസ് പുത്രൻ

ന്റെ ആരോഗ്യം നശിക്കാൻ കാരണം തിയറ്റർ ഉടമകളാണെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. തന്റേയും നിരവധി എഴുത്തുകാരുടെയും കണ്ണുനീർ ഇവർ വീഴ്ത്തിയിട്ടുണ്ടെന്നും അതിന് നഷ്ടപരിഹാരം അർഹിക്കുന്നുണ്ടെന്നും അൽഫോൺസ് പുത്രൻ ആരാധകന്റെ ചോദ്യത്തിന്  മറുപടിയായി കുറിച്ചു.

അടുത്ത സുഹൃത്തുക്കളായ സംവിധായകൻ കാർത്തിക് സുബ്ബരാജ്, ബോബി സിൻഹ എന്നിവർക്കൊപ്പമുള്ള ഒരു പഴയ ചിത്രം അൽഫോൺസ് പുത്രൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിന് ചുവടെ അൽഫോൺസിന്റെ ആരോഗ്യത്തെക്കുറിച്ചും പുതിയ സിനിമയെക്കുറിച്ചും ആരാഞ്ഞ് പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. 'ഇനി തിയറ്ററിൽ സിനിമ ചെയ്യില്ലേ' എന്ന  പ്രേക്ഷകന്റെ ചോദ്യത്തിനാണ് തിയറ്റർ ഉടമകൾക്കെതിരെ സംവിധായകൻ രൂക്ഷ വിമർശനം ഉന്നയിച്ചത്.

'തിയറ്റർ വേണോ വേണ്ടയോ എന്ന് മാത്രം ഞാൻ തീരുമാനിച്ചിട്ടില്ല. തിയറ്റർ ഓപ്പൺ ചെയ്ത് റിവ്യൂ ചെയ്യാൻ സഹായം ചെയ്ത് കൊടുത്തത് തിയറ്റര്‍ ഉടമകള്‍ തന്നെയല്ലേ? അവര്‍ക്കു വേണ്ടി ഞാന്‍ എന്തിനാ കഷ്ടപ്പെടുന്നേ? ഏതെങ്കിലും തിയറ്ററുകാരന്‍ എന്റെ സിനിമ പ്രമോട്ട് ചെയ്തോ? അവര്‍ പറയുന്ന ഡേറ്റ് ആയിരുന്നു ഓണം. അവര്‍ പറയുന്ന ഡേറ്റില്‍ വേണം പടം റിലീസ് ചെയ്യാന്‍. ഒരു എഴുത്തുകാരന്‍ എന്ന് പറയുന്നത് ആയിരം മടങ്ങു വലുതാണ്. സംവിധായകന്‍ എന്ന നിലയിലാണ് നിങ്ങള്‍ എന്നെ മനസ്സിലാക്കുന്നത്.

എല്ലാ സാങ്കേതിക പ്രവര്‍ത്തകർക്കും ജോലി ചെയ്യാനായി ഒരു മുറിയിലിരുന്ന് എഴുത്തുകാരന്‍ എഴുതുന്നതാണ് സിനിമയാകുന്നത്. എങ്കിലേ അത് സിനിമയാകൂ. ഞാനൊഴുക്കിയ കണ്ണീരിന് തിയറ്റർ ഉടമകൾ നഷ്ടപരിഹാരം നൽകണം. അതുപോലെയുള്ള മറ്റു എഴുത്തുകാരുടേയും. അതിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ആലോചിക്കും. ചാടിക്കേറി സിനിമ ചെയ്യാന്‍ ഞാന്‍ സൂപ്പര്‍മാനൊന്നുമല്ല. ആ വിഡ്ഢികള്‍ നശിപ്പിച്ച എന്റെ ആരോഗ്യപ്രശനങ്ങള്‍ എനിക്ക് വീണ്ടെടുക്കണ്ടതുണ്ട്'- സംവിധായകൻ കുറിച്ചു.

മാസങ്ങൾക്ക് മുമ്പാണ് സിനിമാ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് അല്‍ഫോന്‍സ് പുത്രന്‍ പ്രഖ്യാപിച്ചത്. ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് താന്‍ സ്വയം കണ്ടെത്തിയെന്നും ആര്‍ക്കും ഒരു ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അൽഫോൺസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു സംവിധായകന്റെ വാക്കുകൾ വൈറലായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

'ഞാന്‍ എന്റെ സിനിമാ തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ അത് ഒ.ടി.ടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാര്‍ഗമില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍ ഇന്റര്‍വല്‍ പഞ്ചില്‍ വരുന്നതുപോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും',-എന്നായിരുന്നു വാക്കുകൾ.



Tags:    
News Summary - Alphonse Puthran against theater owners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.