സ്ത്രീകളെല്ലാവരും ഒന്നാം നിരക്ക് പിന്നിലായത് വെറുമൊരു ആകസ്മികതയാണോ? സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെ അഹാന കൃഷ്ണ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിൽ അതൃപ്തിയുമായി നടി അഹാന കൃഷ്ണ. പുരസ്‌കാര ജേതാക്കളായ പുരുഷന്മാർ മാത്രം മുൻനിരയിൽ ഇരിക്കുകയും മികച്ച നടി ഉൾപ്പെടെയുള്ള സ്ത്രീകൾ പിന്നിലെ നിരകളിലേക്ക് മാറ്റപ്പെടുകയും ചെയ്തതിനെ നടി ചോദ്യം ചെയ്തു. ഇത് വെറുമൊരു ആകസ്മികതയാണോ എന്ന് ചോദിച്ച അഹാന, പുരസ്‌കാര ജേതാക്കളായ സ്ത്രീകൾ മുൻനിരയിൽ ഇരിക്കാൻ പൂർണ്ണമായും അർഹരാണെന്നും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.

‘എല്ലാം വളരെ ഭംഗിയായിരിക്കുന്നു, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തിൽ ഞാൻ അങ്ങേയറ്റം ആഹ്ലാദിക്കുന്നു. എങ്കിലും, ആ വിഡിയോ കണ്ടപ്പോൾ അവിടെ വിജയികളെ ഇരുത്തിയിരുന്ന രീതി മനസ്സിൽ ചെറിയൊരു അസ്വസ്ഥത പടർത്തി. സ്ത്രീകളെല്ലാവരും ഒന്നാം നിരക്ക് പിന്നിലായിപ്പോയത് വെറുമൊരു ആകസ്മികതയാണോ? അവരിൽ പലരും തീർച്ചയായും മുൻനിരയിൽത്തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും എന്നെ അലോസരപ്പെടുത്തിയ ആ ചിന്ത പങ്കുവെക്കാതിരിക്കാൻ എനിക്കായില്ല’ എന്നാണ് അഹാന ഇന്‍സ്റ്റയിൽ സ്റ്റോറിയായി കുറിച്ചത്. 

അഹാനയുടെ പ്രതികരണം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്. സാംസ്കാരിക കേരളം ഏറെ പ്രാധാന്യത്തോടെ കാണുന്ന ഒരു ചടങ്ങിൽ ഇത്തരം അസമത്വങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. സിനിമയിലെ തുല്യതയെക്കുറിച്ച് സംസാരിക്കുമ്പോഴും ഔദ്യോഗിക വേദികളിൽ പോലും സ്ത്രീകൾ പിന്നിലേക്ക് തഴയപ്പെടുന്നത് മാറേണ്ടതുണ്ടെന്ന താരത്തിന്റെ നിലപാടിന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി, വേടന്‍, ഷംല ഹംസ, ലിജോമോള്‍ ജോസ്, ജ്യോതിര്‍മയി, സൗബിന്‍ ഷാഹിര്‍, സിദ്ധാര്‍ഥ് ഭരതന്‍, ചിദംബരം, ഫാസില്‍ മുഹമ്മദ്, സുഷിന്‍ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്രപ്രതിഭകള്‍ക്ക് ആണ് പുരസ്‌കാരങ്ങൾ നൽകിയത്.

Tags:    
News Summary - Ahana Krishna opposes seating arrangement at State Film Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.