കൊച്ചി: അമ്മ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നടി മാലാ പാർവതി. സംഘടനയിൽ നടക്കുന്ന ഒരു കാര്യവും അംഗങ്ങൾ അറിയുന്നില്ലെന്നും സ്ത്രീകൾ നേതൃനിരയിലേക്ക് വരുന്നതിനു വേണ്ടി വാദിച്ചതിന് താൻ സമസ്താപരാധം മാപ്പ് പറയുന്നുവെന്നും മാലാ പാർവതി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം അംഗങ്ങളുമായി നേതൃത്വം ആശയ വിനിമയം നടത്തിയിട്ടില്ലെന്ന് അവർ ആരോപിച്ചു. ഹൻസിബ സംഘടനയിൽ നിന്ന് നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് നടി പറഞ്ഞു. കുടുംബമേള സംബന്ധിച്ച് ആരംഭിച്ച തർക്കമാണ് ഈ വെളിപ്പെടുത്തലുകളിലേക്ക് നയിച്ചതെന്ന് മാലാ പാർവതി വ്യക്തമാക്കി. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും പ്രസിഡന്‍റ് ശ്വേത മേനോനും സംഘടനക്കുള്ളിൽ രണ്ട് ചേരിയിലാണെന്ന് മാലാ പാർവതി ആരോപിച്ചു. നേതൃത്വം മാറണെമെന്ന് അവർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ടിനി ടോമിനെതിരെ ഹൻസിബ ഗുരുതര ആരോപണവുമായി മുന്നോട്ട് വന്നത്. അമ്മയിൽ നിന്ന് താൻ രാജി വെക്കാൻ കാരണം ടിനി ടോം ആണെന്നും ജിഹാദി എന്ന് വിളിച്ചു, തനിക്ക് എല്ലാവരുമായും അവിഹിതം ഉണ്ടെന്ന് പറഞ്ഞു പരത്തി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ടിനിക്കെതിരെ ഹൻസിബ നടത്തിയത്. എക്സിക്യുട്ടീവ് അംഗം തനിക്കെതിരെ പൊലീസിൽ വ്യാജ പരാതി നൽകിയെന്നും സംഘടനയുടെ പ്രസിഡന്‍ററും സെക്രട്ടറിയും തന്‍റെ കൂടെ നിന്നില്ലെന്നും ഹൻസിബ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഹൻസിബ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി വെച്ചത്. നീന കുറിപ്പും ടിനി ടോമിനെതിരെ അസഭ്യം പറയുക, കൈയേറ്റം ചെയ്യൽ എന്നിവ ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു.
ഹൻസിബയുടെ വെളിപ്പെടുത്തൽ വിവാദമായതിനു പിന്നാലെ നടിക്ക് പറയാനുള്ളത് കേൾക്കാൻ അമ്മ എക്സിക്യുട്ടീവ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഹാജരാകുന്നതിനെ കുറിച്ച് ഹൻസിബ തീരുമാനിച്ചിട്ടില്ല. നടിയുടെ രാജിക്ക് പിന്നിൽ പ്രഫഷണൽ കാരണങ്ങൾ മാത്രമാണെന്നാണ് ശ്വേത മേനോൻ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.