ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടനും സംവിധായകനുമായ രാഘവ ലോറൻസ്. ‘സാഹചര്യങ്ങൾ എന്നെ ഈ തീരുമാനത്തിലേക്ക് എത്തിച്ചു’ എന്ന് പറഞ്ഞ രാഘവ ലോറൻസ്, തന്റെ പുതിയ രാഷ്ട്രീയ യാത്രക്ക് ജനങ്ങളുടെ പിന്തുണയും ഉപദേശവും തേടുന്നതായും അറിയിച്ചു. തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് രാഷ്ട്രീയ വൃത്തങ്ങളിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാഘവ ലോറൻസിന്റെ രാഷ്രടീയ പ്രവേശന പ്രഖ്യാപനം.
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന ടി.വി.കെ പാർട്ടിയിൽ ലോറൻസ് ചേർന്നതായാണ് റിപ്പോർട്ടുകൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് ട്രിച്ചി ഈസ്റ്റിലും പെരമ്പൂരിലും വിജയിച്ചിരുന്നു. പിന്നീട് പെരമ്പൂർ മണ്ഡലം നിലനിർത്തി ട്രിച്ചി ഈസ്റ്റ് സീറ്റ് രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ആറുമാസത്തിനകം ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കും.
പണത്തിനോ അധികാരത്തിനോ വേണ്ടിയല്ല താൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നും താൻ വിശ്വസിക്കുന്ന ഒരാൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം നിന്ന് സമൂഹത്തെ വലിയ രീതിയിൽ സേവിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. താൻ ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് കരുതിയിരുന്നില്ലെന്നും എന്നാൽ സാഹചര്യങ്ങൾ തന്നെ ഇവിടം വരെ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങളുടെ കടമ ആത്മാർഥമായി ചെയ്യുക, പ്രതിഫലമായി ഒന്നും പ്രതീക്ഷിക്കാതെ. നിങ്ങളുടെ ഉപദേശവും മാർഗനിർദേശവും എനിക്ക് ആവശ്യമാണ്. രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല. പണം സമ്പാദിക്കണമെന്നോ ഒരു സീറ്റ് നേടണമെന്നോ എനിക്ക് ഒരിക്കലും ആഗ്രഹമില്ലായിരുന്നു. ഞാൻ വിശ്വസിക്കുന്ന, എനിക്ക് അടുപ്പമുള്ള ഒരാൾ രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ, ഞാൻ അവരോടൊപ്പം നിൽക്കുകയും ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ഇതുവരെ ചെയ്തിരുന്നതിനേക്കാൾ വലിയ തോതിൽ സമൂഹത്തെ സേവിക്കാൻ അവരോടൊപ്പം പ്രവർത്തിക്കുകയും ചെയ്യുമെന്ന് മാത്രമേ ഞാൻ കരുതിയിട്ടുള്ളൂ. ഇന്ന്, സാഹചര്യങ്ങൾ എന്നെ രാഷ്ട്രീയത്തിൽ പ്രവേശിക്കേണ്ട ഒരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നു’ -രാഘവ ലോറൻസ് എക്സിൽ കുറിച്ചു. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് അമ്മയുടെ അനുഗ്രഹത്തോടെയും സത്യസന്ധതയോടെയും സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തമിഴ് ചലച്ചിത്ര മേഖലയിൽ കൊറിയോഗ്രാഫർ, നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ സജീവമായ വ്യക്തിയാണ് രാഘവ ലോറൻസ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സാമൂഹിക സേവനങ്ങളിലൂടെയും യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള വ്യക്തിയാണ് അദ്ദേഹം. മുഖ്യമന്ത്രി വിജയിയുടെ രാഷ്ട്രീയ യാത്രയുടെ തുടക്കം മുതൽ പിന്തുണ നൽകിയ വ്യക്തിയാണ് രാഘവ ലോറൻസ്. ടി.വി.കെയുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനം അറിയിച്ചും സർക്കാരിന്റെ നയങ്ങളെ പിന്തുണച്ചും അദ്ദേഹം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.