ഈയിടെയാണ് നടൻ ആമിർ ഖാൻ തന്‍റെ കാമുകി ഗൗരി സ്പ്രാറ്റിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. അതിന് ശേഷം ഗൗരിയും ഗൗരിയുടെ ജീവിതവും യാത്രകളുമൊക്കെ വാർത്തയാകാറുണ്ട്. താരങ്ങളുടെ സ്വകാര്യതയെ മാനിക്കാതെ ചിത്രങ്ങളും വിഡിയോകളും എടുക്കുന്ന രീതി ഇപ്പോൾ കൂടുതലാണ്. ഇപ്പോഴിതാ, ഇത്തരത്തിൽ ചിത്രങ്ങൾക്കും വിഡിയോകൾക്കുമായി തന്നെ പിന്തുടരാൻ തുടങ്ങിയ പാപ്പരാസികളോട് പ്രതികരിച്ചിരിക്കുകയാണ് ഗൗരി സ്പ്രാറ്റ്.
ബാന്ദ്രയിൽ ജോലിക്കായി പുറത്തിറങ്ങിയപ്പോൾ ഫോട്ടോഗ്രാഫർമാരാൽ വലയം ചെയ്യപ്പെട്ടതാണ് ഗൗരിക്ക് ബുദ്ധിമുട്ടായത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട വിഡിയോയിൽ, ഫോട്ടോഗ്രാഫർമാരോട് പിന്മാറാൻ അവർ അഭ്യർഥിക്കുന്നത് കാണാം. 'എന്തിനാണ് എന്നെ പിന്തുടരുന്നത്? എന്നെ വെറുതെ വിടൂ' എന്ന് കാറിൽ നിന്നിറങ്ങിയ ശേഷം ഗൗരി പറയുന്നത് വിഡിയോയിൽ കേൾക്കാം.
ഇതാദ്യമായല്ല ഗൗരി കാമറകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്. പൊതുപരിപാടികളിലും വൈകുന്നേര നടത്തത്തിനിടയിലും ഫോട്ടോഗ്രാഫർമാർക്ക് പോസ് ചെയ്യാൻ അവർ വിസമ്മതിക്കുന്ന വിഡിയോകൾ മുമ്പും പ്രചരിച്ചിട്ടുണ്ട്. രണ്ട് മാസങ്ങൾക്ക് മുമ്പ് സിത്താരേ സമീൻ പറിന്റെ പ്രത്യേക പ്രദർശനത്തിനിടെ ആമീറിനൊപ്പം അവർ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നു.
അതേസമയം, തന്‍റെ 60ാം വയസ്സിൽ ഗൗരി സ്പ്രാറ്റുമായി പ്രണയത്തിലായതിനെക്കുറിച്ച് ആമിർ ഒരിക്കൽ സംസാരിച്ചിരുന്നു. ഗൗരിയും താനും പരസ്പരം പ്രതിബദ്ധതയുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുവരുടെയും ബന്ധം വിവാഹതുല്യമാണെന്നും കൂട്ടിച്ചേർത്തു. ബംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. ഒരു പ്രസ് മീറ്റിനിടെയാണ് താൻ ഗൗരിയുമായി പ്രണയത്തിലാണെന്ന് ആമിർ വെളിപ്പെടുത്തിയത്. 25 വർഷം മുമ്പാണ് പരിചയപ്പെടുന്നതെന്നും ഇപ്പോൾ തങ്ങൾ പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നര വർഷമായി ഒരുമിച്ചാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.