ബോളിവുഡ് നടൻ ആമിർ ഖാനെ ഗുരുനാനാക്കായി ചിത്രീകരിച്ച വൈറൽ പോസ്റ്ററിനെതിരെ അദ്ദേഹത്തിന്റെ ടീം തന്നെ രംഗത്തെത്തി. ഏപ്രിൽ 25 ന് ഒരു പ്രൊഡക്ഷൻ ഹൗസുമായും ഔദ്യോഗിക ബന്ധമില്ലാത്ത ഒരു യൂട്യൂബ് ചാനൽ ആമിർ ഖാന്‍ ഗുരുനാനാക്കിന്‍റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന 'ടീസർ' പങ്കിട്ടത്. പലരും ഈ ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇത് ആമിറിനെതിരായ പ്രതിഷേധമായി ഉയരുമ്പോള്‍ ഇത് നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആമിറിന്‍റെ പി.ആര്‍ ടീം.
ആമിർ ഖാനെ ഗുരുനാനാക്കായി കാണിക്കുന്ന പോസ്റ്റർ പൂർണ്ണമായും വ്യാജവും ആർട്ടിഫിഷൽ ഇന്‍റലിജൻസ് ഉപയോഗിച്ച് നിർമിച്ചതുമാണ്. അത്തരമൊരു പദ്ധതിയുമായി ആമിർ ഖാന് ബന്ധമില്ല. ഗുരുനാനാക്കിനോട് അദ്ദേഹത്തിന് ഏറ്റവും വലിയ ബഹുമാനമുണ്ട്, അനാദരവുള്ള ഒരു കാര്യത്തിലും അദ്ദേഹം ഒരിക്കലും പങ്കാളിയാകില്ല. ദയവായി വ്യാജ വാർത്തകളിൽ വീഴരുത്. പി.ആര്‍ ടീം വ്യക്തമാക്കി.
എ.ഐ സൃഷ്ടിച്ച ഒരു വ്യാജ ടീസറിൽ, ആമിർ സിഖ് ആത്മീയ നേതാവിന്റെയും മത നേതാവിന്റെയും വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നതാണ് കാണിക്കുന്നത്. ടി-സീരീസാണ് ചിത്രത്തിന്റെ നിർമാണം നടത്തിയതെന്നാണ് ടീസർ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് പോസ്റ്റ് ചെയ്ത യൂട്യൂബ് ചാനലിന് ടി-സീരീസുമായി ഔദ്യോഗിക ബന്ധമൊന്നുമില്ല. ഈ ടീസറിന്‍റെ ചിത്രങ്ങള്‍ പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
ഇതിന് പിന്നാലെ ഈ പോസ്റ്റര്‍ സിഖ് സമൂഹത്തെ പ്രകോപിപ്പിക്കാനുള്ള മനഃപൂർവമായ തന്ത്രമാണിതെന്ന് പഞ്ചാബിലെ ഒരു ഭാരതീയ ജനതാ പാർട്ടി നേതാവ് ആരോപിച്ചതോടെയാണ് ഈ ടീസറിനെ ചൊല്ലി വിവാദം തലപൊക്കിയത്. ഗുരുനാനാക്കുമായി ബന്ധപ്പെട്ട സിനിമയിലോ, പ്രോജക്ടിലോ ആമിർ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സ്‌ക്രീൻഷോട്ടുകളും എഡിറ്റ് ചെയ്ത ചിത്രങ്ങളും പ്രചരിക്കാൻ തുടങ്ങിയതിനെ തുടർന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.