സിനിമ നിർമാതാക്കളിൽ നിന്ന് അമിതമായ ആനുകൂല്യങ്ങൾ ആവശ്യപ്പെടുന്ന താരങ്ങളുടെ സ്വഭാവത്തെ ശക്തമായി വിമർശിച്ച് ബോളിവുഡ് നടനും നിർമാതാവുമായ ആമിർ ഖാൻ. ചിത്രം ബോക്സ് ഓഫിസിൽ പരാജയപ്പെടുന്ന സമയത്ത്, അഭിനേതാക്കൾ വലിയ ഫീസ് ഈടാക്കുകയും, വലിയ പരിവാരങ്ങളുമായി എത്തുകയും, അമിതമായ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന പ്രവണത സിനിമ വ്യവസായത്തിന് തന്നെ നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു.
കോമൾ നഹ്തയുടെ യൂട്യൂബ് ഷോ ഗെയിം ചേഞ്ചേഴ്‌സിൽ സംസാരിക്കുകയായിരുന്നു ആമിർ ഖാൻ. 'താരങ്ങളുടെ ആധിപത്യം ഒരു പരിധി വരെ നല്ലതാണ്. അത് അങ്ങനെ തന്നെ ആയിരിക്കണം. ആളുകൾ താരങ്ങളെ കാണാൻ ഇഷ്ടപ്പെടുന്നു. പക്ഷേ, നിർമാതാവ് സിനിമ ആവശ്യപ്പെടുന്നത്ര മാത്രമേ ചെലവഴിക്കാവൂ. മേക്കപ്പ് മാൻ, ഹെയർഡ്രെസ്സർ, കോസ്റ്റ്യൂം മാൻ എന്നിവർക്ക് പണം നൽകുക, അതൊക്കെ സിനിമയുടെ ഭാഗമാണ്. പക്ഷേ, എന്റെ ഡ്രൈവർക്ക് വേണ്ടി നിർമാതാവ് എന്തിനാണ് പണം നൽകുന്നത്? അവർ എനിക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്' -ആമിർ പറഞ്ഞു.
മുൻപ് ഇൻഡസ്ട്രിയിൽ ഒരു താരത്തിന്റെ ഡ്രൈവറുടെയും മറ്റും ചെലവുകൾ നിർമാതാക്കൾ വഹിച്ചിരുന്നുവെന്ന് ആമിർ വിശദീകരിച്ചു. എന്നാൽ അദ്ദേഹം ഈ രീതിയെ ചോദ്യം ചെയ്യുകയും അത് സ്വയം കൈകാര്യം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. 'ഞാൻ വളരെ സ്വതന്ത്രനായ ഒരു മനുഷ്യനാണ്. എന്റെ ജീവനക്കാർക്ക് നിർമാതാക്കൾ പണം നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ഇതിനർത്ഥം എന്റെ കുട്ടിയുടെ സ്കൂളിനും നിർമാതാവ് പണം നൽകുമെന്നാണോ? അത് എവിടെയാണ് അവസാനിക്കുന്നത്?” അദ്ദേഹം ചോദിച്ചു.
ചില നടന്മാരുടെ ഇന്നത്തെ ആവശ്യങ്ങളെക്കുറിച്ച് കേട്ടപ്പോൾ താൻ ഞെട്ടിപ്പോയി എന്ന് ഖാൻ പറഞ്ഞു. നിർമാതാക്കൾ നടന്റെ ഡ്രൈവറുടെ മാസ ശമ്പളം നൽകുന്നു. ചായയും കാപ്പിയും കൊണ്ടുവരുന്ന ആൾക്കും വ്യക്തിഗത പാചകക്കാർ പോലും നിർമാതാക്കൾ പണം നൽകേണ്ടി വരുന്നു. ചില താരങ്ങൾ ഒരു പാചക വാനും ജിം വാനും സെറ്റിലേക്ക് കൊണ്ടുവരുന്നു. അതിനും നിർമാതാവ് പണം നൽകുന്നു. നടന്മാർ കോടിക്കണക്കിന് സമ്പാദിക്കുമ്പോൾ, സ്വന്തം ജീവനക്കാർക്ക് പണം നൽകാൻ കഴിയില്ലേ എന്നും ആമിർ ചോദിച്ചു.
സിനിമയുടെ നിർമാണവുമായി നേരിട്ട് ബന്ധപ്പെട്ട ചെലവുകൾ നിർമാതാക്കൾ വഹിക്കണമെന്ന് ആമിർ ഖാൻ വ്യക്തമാക്കി. ഔട്ട്‌ഡോർ ഷൂട്ടിങ്ങിലെ കുടുംബത്തിന്‍റെ ചെലവുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും ആമിർ ഖാൻ പങ്കുവെച്ചു.തന്റെ കുടുംബത്തെ ഔട്ട്‌ഡോർ ഷൂട്ടിങ്ങിന് കൊണ്ടുപോകുമ്പോൾ ഒരിക്കലും നിർമാതാവിനെക്കൊണ്ട് പണം ചെലവഴിപ്പിക്കാറില്ലെന്ന് ആമിർ വ്യക്തമാക്കി. ഇന്നും നിർമാതാക്കളോടും സിനിമകളോടും വളരെ അന്യായമായി പെരുമാറുന്ന അഭിനേതാക്കൾ ഉണ്ടെന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.