കൊടുവള്ളി മണ്ഡലം യു.ഡി.എഫ് സംഘടിപ്പിച്ച യൂത്ത് വൈബ് റാലി
തിരുവമ്പാടി: തെരെഞ്ഞെടുപ്പ് പരസ്യ പ്രചാരണം ചൊവ്വാഴ്ച അവസാനിക്കെ തിരുവമ്പാടി മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് മത്സരം . വലിയ പൊതുയോഗങ്ങൾ ഒഴിവാക്കി കുടുംബയോഗങ്ങളും ന്യൂജൻ പ്രചാരണ രീതികളുമായാണ് മുന്നണികൾ പ്രചാരണ രംഗത്ത് മുന്നേറുന്നത് . യു.ഡി.എഫിനും എൽ.ഡി.എഫും ജയിച്ച് കയറാൻ സാധ്യതയുള്ള മണ്ഡലമായതിനാൽ പഴുതടച്ച പ്രചാരണത്തിന് തിരുവമ്പാടിയിൽ പ്രാധാന്യമേറെയുണ്ട്. ക്രൈസ്‌തവ സഭ , കാന്തപുരം എ.പി. വിഭാഗം ,വെൽഫയർ പാർട്ടി , എസ്.ഡി.പി.ഐ , സ്വതന്ത കർഷക സംഘടനകൾ തുടങ്ങിയ ഫാക്ടറുകൾ മണ്ഡലത്തിൽ നിർണായകമാകും. കാന്തപുരം വിഭാഗത്തിന്‍റെ പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്ന നോളജ് സിറ്റി മണ്ഡലത്തിലെ കൈതപ്പൊയിലിലാണ്. കാന്തപുരം വിഭാഗവുമായി ഇടത്, വലത് മുന്നണി സ്ഥാനാർഥികൾ നിരന്തരം ബന്ധം പുലർത്തുന്നുണ്ട് . എന്നാൽ , ഈ വിഭാഗം നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല .
ക്രൈസ്‌തവ സഭ ആസ്ഥാനമായ ബിഷപ്പ് ഹൗസ് കൊടുവള്ളി മണ്ഡലത്തിലെ താമരശ്ശേരിയാണെങ്കിലും തിരുവമ്പാടിയാണ് സഭയുടെ പ്രവർത്തന മേഖല. ഈ സാഹചര്യത്തിലാണ് തിരുവമ്പാടിയിലെ മുന്നണി സ്ഥാനാർഥി നിർണയങ്ങളിൽ വരെ ക്രൈസ്‌തവ സഭ ഇടപെടൽ പലപ്പോഴും ഉണ്ടാകാറുള്ളത് . യു.ഡി.എഫ് സ്ഥാനാർഥി സി.കെ. കാസിമും എൽ.ഡി.എഫ് സ്ഥാനാർഥി ലിന്‍റോ ജോസഫും ഒരേപോലെ താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്‍റെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട് .
വെൽഫയർ പാർട്ടിക്ക് മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ളതിനാൽ അവരുടെ പിന്തുണ സഹായകരമാകുമെന്ന് യു.ഡി.എഫ് കരുതുന്നു. മണ്ഡലത്തിൽ എസ്.ഡി.പി.ഐക്ക് സ്ഥാനാർഥിയില്ല . അവർ ആരെ പിന്തുണക്കുമെന്നതും നിർണായകമാണ്.സംസ്ഥാനത്ത് കാര്യമായ ഭരണവിരുദ്ധ വികാരമുണ്ടെങ്കിൽ അത് തിരുവമ്പാടി മണ്ഡലത്തിലും പ്രതിഫലിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇടതുമുന്നണിക്കായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് , ജോൺ ബ്രിട്ടാസ് എം.പി എന്നിവരും യു.ഡി.എഫിനായി പി.കെ. കുഞ്ഞാലി കുട്ടി , മറിയം ഉമ്മൻ , എം.കെ. രാഘവൻ എം.പി തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണത്തിനെത്തി. തിങ്കളാഴ്ച രാവിലെ പുതുപ്പാടിയിൽ ഷാഫി പറമ്പിൽ റോഡ് ഷോയിൽ പങ്കെടുക്കും. ഇന്ന് മുക്കത്ത് പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.