ജില്ല പബ്ലിക് ഹെൽത്ത് ലാബ്
സുൽത്താൻ ബത്തേരി: താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിക്ക് മുമ്പിലെ ജില്ല പബ്ലിക് ഹെൽത്ത് ലാബിൽ തൈറോഡ് ടെസ്റ്റ് മുടങ്ങിയിട്ട് രണ്ടാഴ്ച. ഈ ആവശ്യവുമായി എത്തുന്നവരോട് സ്വകാര്യ ലാബിലേക്ക് പോകാനാണ് ജീവനക്കാർ നിർദേശിക്കുന്നത്. ആവശ്യമായ മരുന്ന് ഇല്ലാത്തതാണ് കാരണമായി പറയുന്നത്.
ദാരിദ്ര്യ രേഖക്ക് താഴെയുള്ള രോഗികൾക്ക് തൈറോയ്ഡ് ടെസ്റ്റ് ഉൾപ്പെടെയുള്ളവ പബ്ലിക് ഹെൽത്ത് ലാബിൽ സൗജന്യ നിരക്കിലാണ് ചെയ്യുന്നത്. അതിനാൽ ജില്ല പബ്ലിക് ഹെൽത്ത് ലാബ് സാധാരണക്കാർക്ക് ഏറെ ആശ്രയമാകേണ്ടതാണ്. ഇപ്പോഴത്തെ ജീവിതരീതിയിൽ തൈറോഡ് രോഗികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഈ അവസരത്തിൽ മറ്റ് ആശുപത്രികളിൽ നിന്ന് പബ്ലിക് ഹെൽത്ത് ലാബിൽ തൈറോഡ് ടെസ്റ്റിന് എത്തുന്നവരുടെ എണ്ണം കൂടുതലാണ്.
പബ്ലിക് ലാബിൽ ടെസ്റ്റിന് ആവശ്യമായ മരുന്ന് എത്തിക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്നാണ് ആക്ഷേപം. സ്വകാര്യ ലാബിൽ തൈറോയ്ഡ് ടെസ്റ്റ് ചെയ്യാൻ 350 രൂപയോളം ചെലവ് വരും. അതേസമയം, താലൂക്ക് ആശുപത്രി ലാബിൽ തൈറോഡ് ടെസ്റ്റ് ചെയ്യുന്നുണ്ട്. ഒ.പി ഡോക്ടർ പരിശോധിച്ചതിനുശേഷം ടെസ്റ്റിന് എഴുതണം. അങ്ങനെയുള്ള രോഗികൾ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരാണെങ്കിൽ രേഖകൾ ഹാജരാക്കിയാൽ സൗജന്യമായി ചെയ്തുകൊടുക്കും. മറ്റ് ആശുപത്രികളിൽ നിന്ന് ശീട്ടുമായി എത്തുന്ന ദാരിദ്ര രേഖക്ക് താഴെയുള്ളവർക്കും ഇവിടെ തൈറോയ്ഡ് ടെസ്റ്റ് ചെയ്യാൻ 200 മുടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.