ബി.ജെ.പി-യു.ഡി.എഫ് ബാന്ധവത്തിനെതിരെ വിധിയെഴുതി പുതുപ്പള്ളി മാതൃകയാവുമെന്ന് ജോസ് കെ. മാണി

കോട്ടയം:ബി.ജെ.പി- യു.ഡി.എഫ് ബാന്ധവത്തിനെതിരെ വിധിയെഴുതി പുതുപ്പള്ളി മാതൃകയാവുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം മണ്ഡലത്തിന്റെ തൊട്ടടുത്ത കിടങ്ങൂർ പഞ്ചായത്ത് ഭരണസമിതി തിരഞ്ഞെടുപ്പിൽ ബി.ജെ.പി യുമായുണ്ടാക്കിയ സഖ്യം ഇപ്പോഴും നിലനിർത്തുന്ന യു.ഡി.എഫിനെതിരായി പുതുപ്പള്ളിയിലെ മതേതര വിശ്വാസികൾ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയതലത്തിൽ വർഗീയതക്കെതിരെയും ബി.ജെ.പിക്കെതിരെയും രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച രാഷ്ട്രീയസഖ്യം ശക്തി പ്രാപിക്കുമ്പോൾ അതിനെ ദുർബലപ്പെടുത്തുന്ന സമീപനമാണ് കേരളത്തിലെ യു.ഡി.എഫ് നേതൃത്വം സ്വീകരിക്കുന്നത്. തെറ്റായ സൂചനകൾ സംസ്ഥാനത്തിന് പുറത്ത് പ്രചരിപ്പിക്കുവാൻ ബി.ജെ.പിക്ക് അവസരമൊരുക്കുന്ന കൂട്ടുകെട്ടാണ് യു.ഡി.എഫ് ഉന്നത നേതൃത്വമിടപ്പെട്ട് കിടങ്ങൂരിലുണ്ടാക്കിയത്.

ഇതിനെതിരെ കിടങ്ങൂരുമായി അതിർത്തി പങ്കിടുന്ന പുതുപ്പള്ളിയിൽ  ജനവികാരം ശക്തമാണ്. മണിപ്പൂരിൽ പരീക്ഷിക്കുകയും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ന്യൂനപക്ഷ വംശഹത്യയുടെ ആസൂത്രകരുമായി രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കിയ യു.ഡി.എഫ് വഞ്ചനക്കെതിരെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി പുതുപ്പള്ളിയിൽ രംഗത്ത് വരികയാണ്. മാറിമാറി മുന്നണികളെ അധികാരത്തിലെത്തിച്ചിരുന്ന കേരളം മാറി ചിന്തിച്ചതിന്റെ ഫലമായിട്ടാണ് എൽ.ഡി.എഫ് തുടർഭരണം സംസ്ഥാനത്തുണ്ടായത്. ഈ മാറ്റം ഇത്തവണ പുതുപ്പള്ളിയിലും പ്രതിഫലിക്കുമെന്ന് ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.

കേരള കോൺഗ്രസ് എം സംസ്ഥാന വ്യാപകമായി സെപ്റ്റംബർ ഏഴ് മുതൽ ഒക്ടോബർ 10 വരെ എല്ലാ ഭവനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ജനസമ്പർക്ക പരിപാടി നടത്തും. പാർട്ടി പ്രവർത്തന ഫണ്ട് സമാഹരണവും ഇതോടൊപ്പം നടത്തുവാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ആറുപതിറ്റാണ്ടിലേറെയായി കേരളത്തിലെ മലയോര കർഷകർ അനുഭവിച്ചുകൊണ്ടിരുന്ന ഭൂമി സംബന്ധിച്ച പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുവാൻ 1960 ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യാൻ നിയമസഭയിൽ ബില്ല്  അവതരിപ്പിച്ച സംസ്ഥാന സർക്കാരിനെ യോഗം അഭിനന്ദിച്ചു.

പാർലമെന്ററി പാർട്ടി ലീഡർ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻമാരായ  തോമസ് ചാഴിക്കാടൻ എം.പി,  ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, സ്റ്റീഫൻ ജോർജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ , പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, എൻ.എം രാജു തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Jose K. Mani said that Puthupally will be an example by ruling against the BJP-UDF relationship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.