പുതുപ്പള്ളിയില്‍ കണക്കുതീര്‍ക്കും, റബര്‍കര്‍ഷകരെ മുച്ചൂടും വഞ്ചിച്ചത് പിണറായി സര്‍ക്കാരെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: ഇടതുമുന്നണിയുടെ പ്രകടന പത്രികയിലുള്ള റബറിന് 250 രൂപ ഉറപ്പാക്കുമെന്ന മോഹന വാഗ്ദാനം പാലിച്ചാല്‍ മാത്രം റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഇതു പാലിച്ചില്ലെന്നു മാത്രമല്ല, വിലസ്ഥിരതാ ഫണ്ട് വരെ അട്ടിമറിച്ച് കര്‍ഷകരെ മുച്ചൂടും വഞ്ചിക്കുകയും ചെയ്തു.

റബര്‍ വില കിലോക്ക് 300 രൂപയാക്കുമെന്നു വാഗ്ദാനം ചെയ്ത ബി.ജെ.പിയുടെ പൊടിപോലും കാണാനില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ റബര്‍ കര്‍ഷകരോട് കാട്ടുന്ന കടുത്ത അവഗണനക്കെതിരായ ജനവിധി കൂടിയായിരിക്കും പുതുപ്പള്ളിയിലേതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രൂപം കൊടുത്ത റബര്‍ വില സ്ഥിരതാ ഫണ്ട് പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചു. റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് 2022-23 വര്‍ഷം 500 കോടി രൂപ വകയിരുത്തിയിട്ട് ചെലവാക്കിയതാകട്ടെ 50 കോടി രൂപയില്‍ താഴെ മാത്രമാണ്. വര്‍ഷംതോറും ബജറ്റില്‍ കോടികള്‍ എഴുതി ചേര്‍ക്കുന്നതല്ലാതെ ഫലത്തില്‍ ഒരു പ്രയോജനവും കര്‍ഷകനില്ല.

സംസ്ഥാനത്ത് 15 ലക്ഷത്തിലധികം റബ്ബര്‍ കര്‍ഷക കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാരുകള്‍ കാട്ടുന്നത് ഗുരുതര അലംഭാവമാണ്. ഇക്കാര്യം മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ വന്ന് ആസിയന്‍ കരാറിനെക്കുറിച്ചൊക്കെ വാചാടോപം നടത്തിയതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

അധികാരങ്ങള്‍ വെട്ടിച്ചുരുക്കിയ റബര്‍ ബോര്‍ഡ് വെറും നോക്കുകുത്തിയായി. അറബറിന്റെ നിയന്ത്രണം സമ്പൂര്‍ണ്ണമായി വാണിജ്യ മന്ത്രാലയത്തിന്റെ കൈകളിലേക്ക് മാറ്റം ചെയ്യപ്പെടുന്ന 2023 റബര്‍ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ പ്രതിഷേധിക്കാന്‍ പോലും തയാറാകാതെ കൈകെട്ടി നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദിക്കേണ്ട കേരള കോണ്‍ഗ്രസ് എം സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്ക് കുടപിടിക്കുകയാണ്. കര്‍ഷകരെ വര്‍ഗ ശത്രുക്കളായി കാണുന്നതാണ് കമ്യൂണിസ്റ്റ് സിദ്ധാന്തം. നെല്‍സംഭരിച്ചതിന്റെ പണം കിട്ടാതെ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ ഓണനാളില്‍ പട്ടിണി സമരത്തിലായിരുന്നു. റബര്‍ ഉള്‍പ്പെടെയുള്ള കര്‍ഷകരോട് എന്നും കരുണ നിറഞ്ഞ നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും റബര്‍ വില സ്ഥിരതാ ഫണ്ട് ഇക്കാര്യം അടിവരയിടുന്നുവെന്നും സുധാകരൻ പറഞ്ഞു.

Tags:    
News Summary - K Sudhakaran says Pinarayi government has cheated the rubber farmers a lot in Puthupally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.