പുതുപ്പള്ളിയിലും ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് പോയി...

പുതുപ്പളളി: കഴിഞ്ഞ കാല തെരഞ്ഞെടുപ്പിൽ നിന്നും ബി.ജെ.പി ഒന്നു​ം പഠിക്കുന്നില്ലെന്ന വിമർശനം ശക്തമാകുന്നു. ഒടുവിൽ പുതുപ്പള്ളിയിലും ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് പോയിരിക്കുകയാണ്. കഴിഞ്ഞ തവ​ണത്തെ വോട്ട് നിലനിർത്താൻ കഴിയാത്തത് തിരിച്ചടിയാണെന്ന് പാർട്ടി നേതൃനിരയിലുള്ളവർ തന്നെ പറയുന്ന സാഹചര്യമാണുള്ളത്. ഇതിനുപുറമെ, ​നാളിതുവരെ കേരളത്തിലെ മണ്ഡലങ്ങളിൽ നിന്ന് കെട്ടിവെച്ച കാശ് പോയതി​െൻറ തുടർച്ചയാണ് പുതുപ്പള്ളിയിലും സംഭവിച്ചതെന്നാണ് പാർട്ടിക്കുള്ളിലെ വിമർശകർ തന്നെ ചൂണ്ടികാണിക്കുന്നത്.

റെക്കോർഡ് ഭൂരിപക്ഷത്തിന് പുതുപ്പള്ളിക്കാർ തങ്ങളുടെ പുതിയ നായകനെ തിരഞ്ഞെടുത്തതോടെ വെട്ടിലായത് ബി.ജെ.പി നേതൃത്വമാണ്. എൽ.ഡി.എഫി​െൻറയും എൻ.ഡി.എയുടെയും കണക്കുകൂട്ടലുകൾക്കു മുകളിലേക്ക് ഉയർന്ന വിജയം. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലുയർന്ന സഹതാപ തരംഗത്തിനൊപ്പം ഭരണവിരുദ്ധ വികാരം കൂടിയായപ്പോൾ പുതുപ്പള്ളി പൂർണമായും ചാണ്ടിക്കൊപ്പം നിന്നെന്നാണ് വിലയിരുത്തൽ. യുവാക്കളുടെയും വിശ്വാസികളുടെയും വോട്ടു തേടിയിറങ്ങിയ ബി.ജെ.പി നിഷ്പ്രഭമാകുന്ന സാഹചര്യമാണ് തിരഞ്ഞെടുപ്പു ഫലത്തോടെ വന്നുചേർന്നത്. സമീപകാല തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് ഏറ്റ വലിയ പ്രഹരം കൂടിയാണ് പുതുപ്പള്ളിയിലേത്. ആകെ 6558 വോട്ടു മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. 2021 ൽ നേടിയതിനേക്കാൾ 5136 വോട്ടി​െൻറ കുറവ്. വോട്ട് ശതമാനം 8.87ൽ‌ നിന്ന് 5.02ലേക്ക് കൂപ്പുകുത്തി. ഇതോടെ ഉപതിരഞ്ഞെടുപ്പിൽ കെട്ടിവച്ച പണം ബി.​ജെ.പിക്ക് തിരികെ കിട്ടില്ല. പോൾ ചെയ്ത വോട്ടിന്റെ 16.7% വോട്ടുകൾ നേടിയാൽ മാത്രമേ കെട്ടിവച്ച പണം തിരികെ കിട്ടൂ.

1982 ലാണ് ബി.ജെ.പി പുതുപ്പള്ളിയിൽ ആദ്യമായി മത്സരിക്കുന്നത്. ആ തിരഞ്ഞെടുപ്പിൽ അഞ്ച് ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി മത്സരിച്ചെങ്കിലും വോട്ട് ശതമാനം ഉയർത്താനായില്ല. 2014ൽ കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലേറിയതിനുശേഷം വന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് അവർക്ക് വോട്ട് ശതമാനത്തിൽ വലിയ വർധന ഉണ്ടായത്. 2011ലെ 5.71 ശതമാനത്തിൽനിന്ന്, 2016ൽ 11.93 ശതമാനത്തിലേക്ക് ഉയർന്നു. എന്നാൽ മണ്ഡലം പുനർനിർണയിച്ചതോടെ 2021ൽ വോട്ട് ശതമാനം 8.87 ആയി കുറഞ്ഞു. ഇത്തവണത്തെ കണക്കുകൾ കൂടി പുറത്തു വരുന്നതോടെ വോട്ടുചോർച്ച ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും പുതുപ്പള്ളിയിൽ പ്രചാരണത്തിനിറങ്ങിയെങ്കിലും ഉള്ള വോട്ട് പോലും നിലനിർത്താൻ കഴിഞ്ഞി​ല്ലെന്നത് ​േകരള നേത്യത്വത്തിന് തലവേദനയാകും. ഇതിനുപുറമെ, ബി.ജെ.പി വോട്ട് യു.ഡി.എഫിന് അനുകൂലമായി ചെയ്തുവെന്ന എൽ.ഡി.എഫ് നേതാക്കളുടെ വിമർശനവും ബി.ജെ.പിക്ക് തിരിച്ചടിയാണ്. 

Tags:    
News Summary - Votes for BJP have decreased in Puthuppally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.