എം.വി ഗോവിന്ദന്‍ ക്യാപ്‌സൂള്‍ നേരത്തെ ഇറക്കിയെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ യു.ഡിഎ.ഫിന് ബി.ജെ.പി വോട്ടുമറിച്ചെന്ന ക്യാപ്‌സൂള്‍ നേരത്തെ ഇറക്കി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍ അപഹാസ്യനായെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. എട്ടാം തീയതിയിലേക്കു വച്ചിരുന്ന ക്യാപ്‌സൂള്‍ അറിയാതെ അദ്ദേഹത്തിന്റെ നാവില്‍നിന്നു പുറത്തുവന്നു.

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് സി.പി.എം ഈ ക്യാപ്‌സൂള്‍ തയാറാക്കി വച്ചിരിക്കുന്നത്. ഫലം പുറത്തുവരുന്നതിനു മുമ്പേ സി.പി.എമ്മില്‍ ആഭ്യന്തരകലാപത്തിന്റെ കൊടി ഉയര്‍ന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രിക്കിട്ട് ഒന്നാന്തരം പണികൊടുത്ത ഗോവിന്ദനെ സഹായിക്കാന്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ തോമസ് ഐസക്ക് ഭരണ യന്ത്രം തുരുമ്പിച്ചു എന്ന് വരെ ലേഖനം എഴുതി.

ഭരണയന്ത്രം തുരുമ്പിക്കുകയും ഭരിക്കുന്നവര്‍ അഴുകുകയും ചെയ്തു. ഇനിയും പാര്‍ട്ടിയിലെ പലരുടെയും പലതും പുറത്തുവരാനുണ്ട്. പിണറായി വിജയന്റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരാന്‍ പോകുന്നത്. സര്‍ക്കാരിനെതിരേ ആളിക്കത്തുന്ന ജനരോഷമാണ് പുതുപ്പള്ളിയില്‍ കാണാനായത്. ഇക്കാര്യം തിരിച്ചറിഞ്ഞ മന്ത്രിമാര്‍ ഒരു നേര്‍ച്ചപോലെ അവിടെയെത്തി മടങ്ങിപ്പോകുകയാണു ചെയ്തത്.

പിണറായിയുടെ മാടമ്പി സ്വഭാവം സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും സഹിക്കാവുന്നതിനപ്പുറമാണ്. ഇടതുമുന്നണിയിലും സര്‍ക്കാരിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. കര്‍ഷകരുടെ അന്നവും സ്‌കൂള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിയും മുടക്കിയ സര്‍ക്കാരാണിത്. ഇടതുമുന്നണിയുടെ തകര്‍ച്ചയുടെ ആഘാതം കൂട്ടുന്നതായിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലമെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഉണ്ടാക്കിയ സഖ്യത്തിന്റെ ആവര്‍ത്തനം ഇത്തവണ പുതുപ്പള്ളിയിലും ഉണ്ടായിട്ടുണ്ട്. ചില ബൂത്തുകളില്‍ പോളിങ് വൈകിയതിനാല്‍ ഒട്ടേറെ പേര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായി. സാങ്കേതിക തകരാര്‍ എന്നാണ് വിശദീകരണമെങ്കിലും ഇത് പരിശോധിക്കേണ്ട വിഷയമാണ്.പുതുപ്പള്ളിയില്‍ വോട്ടിങ് ശതമാനം കുറഞ്ഞതിൽ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - K Sudhakaransaid that M.V Govindan had dropped the capsule earlier.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.