ജില്ല ആശുപത്രിയിലേക്കുള്ള വഴി പ്രശ്നപരിഹാരത്തിന് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എയും നഗരസഭ ചെയർമാനും ദേശീയപാത അധികൃതരും നിർമാണകമ്പനി പ്രതിനിധികളും സ്ഥലം സന്ദർശിക്കുന്നു
ജില്ല ആശുപത്രിയിലേക്കുള്ള വഴി പ്രശ്നപരിഹാരത്തിന് യോഗം 22ന്
കാഞ്ഞങ്ങാട്: ദേശീയപാത 66ൽ നിന്ന് ജില്ല ആശുപത്രിയിലേക്കുള്ള പ്രധാന പ്രവേശനവഴിയിൽ നിലനിൽക്കുന്ന ഗതാഗതപ്രശ്നങ്ങൾക്കും അനുബന്ധ ബുദ്ധിമുട്ടുകൾക്കും ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, നഗരസഭ ചെയർമാൻ വി.വി. രമേശൻ, ഹോസ്ദുർഗ് തഹസിൽദാർ രമേശൻ പൊയിനാച്ചി എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.
ഹോസ്ദുർഗ് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ തുളസി രാജ്, ദേശീയപാത അതോറിറ്റി പ്രതിനിധി വേണുഗോപാൽ, മേഘ കൺസ്ട്രക്ഷൻ പ്രതിനിധികളായ മാധവൻ, നാഗസുബ്രഹ്മണ്യം എന്നിവരും എം.എൽ.എക്കൊപ്പം സ്ഥലം സന്ദർശിച്ചു. പ്രദേശത്തെ നിലവിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ഗതാഗതം സുഗമമാക്കുന്നതിനും യാത്രക്കാരും രോഗികളും നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുമുള്ള വിവിധ സാധ്യതകൾ സംഘം പരിശോധിക്കുകയും ചെയ്തു. പ്രശ്നത്തിന് കൂടുതൽ കൃത്യവും പ്രായോഗികവുമായ പരിഹാരം കണ്ടെത്തുന്നതിനായി ജില്ല പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികൾ, റവന്യൂ വകുപ്പ്, ദേശീയപാത അതോറിറ്റി, മേഘ കൺസ്ട്രക്ഷന്റെ പ്രധാന ചുമതലക്കാർ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ യോഗം സെപ്റ്റംബർ 22ന് വിളിച്ചുചേർക്കാൻ തീരുമാനിച്ചു. ജനങ്ങൾക്കും രോഗികൾക്കും വാഹനയാത്രക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറക്കുന്നതിനും പ്രദേശത്തെ ഗതാഗതസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നടപടികൾ ഏകോപിപ്പിക്കുമെന്ന് അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.